കൊച്ചി: ജംഷഡ്പൂരിനെ തകർത്ത് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നതിനൊപ്പം മറ്റൊരു തകർപ്പൻ നേട്ടം കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ടൂർണമെന്റിൽ 200 ഗോളുകൾ അടിക്കുന്ന നാലാമത്തെ ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് മാറി.

ജംഷഡ്പൂരിനെ 3-1ന് തകർത്ത കളിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. കളി തുടങ്ങി 9ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തിരുന്നു. ബാക്ക്ഹീൽ ഫൽക്കിലൂടെ ജിയാനുവാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രത്തിലെ 200ാമത്തെ ഗോളായും മാറി.

 

ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി, എഫ്സി ഗോവ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന് മുൻപ് ഈ നേട്ടത്തിലേക്ക് എത്തിയ മുൻ ഐഎസ്എൽ ക്ലബുകൾ. 287 ഗോളുകളുമായി എഫ്സി ഗോവയാണ് ഒന്നാമത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത് ഇയാൻ ഹ്യൂം ആണ്. ചെന്നൈയിന് എതിരെയായിരുന്നു അത്.

സീസണിൽ 12 മത്സരങ്ങൾ പിന്നിടുമ്പോൾ എട്ട് ജയങ്ങളിലേക്കാണ് വുകോമനോവിച്ചിന്റെ സംഘം എത്തിയത്. ഒരു കളിയിൽ സമനിലയിലേക്ക് വീണപ്പോൾ മൂന്ന് മത്സരങ്ങൾ തോറ്റു. 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോഴുള്ളത്. 30 പോയിന്റോടെ മുംബൈ സിറ്റി ഒന്നാമത് നിൽക്കുന്നു. 28 പോയിന്റോടെ ഹൈദരാബാദ് രണ്ടാമതും.