പാരിസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ നായകനായി സൂപ്പർതാരം കിലിയൻ എംബാപ്പെയെ തിരഞ്ഞെടുത്തു.മുൻ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചതിനാലാണ് പുതിയ നായകനായി എംബാപ്പെ ചുമതലയേൽക്കുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടൻ തന്നെ ഉണ്ടായേക്കും.

ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായ ലോറിസ് ലോകകപ്പിന് പിന്നാലെയാണ് വിരമിച്ചത്. 24കാരനായ എംബാപ്പെ പിഎസ്ജി ടീമിന്റെ വൈസ്‌ക്യാപ്റ്റൻ കൂടിയാണ്.ഈ പരിചയത്തോടെയാണ് താരം ദേശീയ ടീമിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്.അന്റോയിൻ ഗ്രിസ്മാനാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റൻ.

ഫ്രാൻസിനായി 66 മത്സരങ്ങളാണ് ഇതുവരെയായി എംബാപ്പെ കളിച്ചിട്ടുള്ളത്. 2018ൽ ഫ്രാൻസിനെ രണ്ടാം ലോക കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് എംബാപ്പെ.

ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും താരത്തിന്റെ ഹാട്രിക്ക് ഗോളുകൾ മത്സരം പെനാൽറ്റി ഷൂട്ടൗട്ട് വരെ എത്തിക്കാൻ താരത്തിന് സാധിച്ചു.

ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെയാണ്. യൂറോ 2024ലേക്കുള്ള യോഗ്യതാ പോരാട്ടത്തിലാണ് ഫ്രാൻസ്- നെതർലൻഡ്സ് പോരാട്ടം.