- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൊസാരിയോയിൽ ജനിച്ച ലോകഫുട്‌ബോളിന്റെ 'മിശിഹ'! ഗോളടിച്ചും ഗോളടിപ്പിച്ചും കളിമെനഞ്ഞും ആരാധകരെ വിസ്മയിപ്പിച്ച ഫുട്‌ബോളിന്റെ ആത്മാവ്; ജന്മനാടിനായി രണ്ട് വർഷത്തിനിടെ മൂന്ന് കിരീടങ്ങൾ; കരിയറിലെ പൊൻതൂവലായി ലോകകിരീടവും; 36ാം പിറന്നാൾ നിറവിൽ ലയണൽ മെസി
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോൾ ലോകത്തിന്റെ വിശ്വകിരീടം അർജന്റീനയെ അണിയിച്ച് നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന ഇതിഹാസ താരം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്‌ബോളിന്റെ അമരക്കാരനായി മാറിയ മെസിക്ക്, കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം.
കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവിൽ ഖത്തറിൽ വിശ്വ കിരീടവും നേടി ഫുട്ബാൾ ലോകം കീഴടക്കിയ മെസ്സിയുടെ പിറന്നാളിന് ആരാധകർക്കും ഇത്തവണ മാധുര്യമേറും. സമാനതകളില്ലാത്ത ഡ്രിബ്‌ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച താരമാണ് മെസ്സി. യൂറോപിന്റെ കളിത്തട്ടുകൾ വിട്ട് അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചേക്കാറാനിരിക്കെയാണ് താരത്തിന്റെ പിറന്നാൾ. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്റർ മിയാമി ക്ലബിലേക്കാണ് താരം ഇനി പോകുന്നത്.
ഗോളാണ് ഫുട്‌ബോളിന്റെ കണക്കെടുപ്പെങ്കിൽ കളിയുടെ ആത്മാവാണ് മെസി. കരിയറിലുടനീളം അന്താരാഷ്ട്ര കിരീടമില്ലെന്ന പഴികേട്ട് നിരാശനായി ആൽബിസെലസ്റ്റെ ജേഴ്‌സിയിൽ പന്തുതട്ടിയ മെസി ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. രണ്ട് വർഷത്തിനിടെ അർജന്റീനയ്‌ക്കൊപ്പം മൂന്ന് കിരീടങ്ങൾ.
റൊസാരിയോയിലെ ബാല്യകാലത്ത് തന്നെ ന്യുവെൽസ് ഓൾഡ് ബോയ്‌സിലെ പരിശീലകർ കുഞ്ഞു മെസിയിലെ മാന്ത്രികനെ കണ്ടെത്തിയിരുന്നു. 12-ാം വയസിൽ അപൂർവ രോഗം കളിയും ജീവിതവും കവരുമെന്ന് കരുതിയപ്പോൾ താങ്ങായത് ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബ്. പിന്നീട് 21 വർഷക്കാലത്തെ കളിത്തൊട്ടിൽ. ഗോളുകൾ, കിരീടങ്ങൾ, ബാലോൺഡി ഓർ അങ്ങനെ ബാഴ്‌സ കുപ്പായത്തിൽ മെസി നേടാത്ത പുരസ്‌കാരങ്ങളോ കിരീടങ്ങളോ ഇല്ല. എതിരാളികളെയും ഇതിഹാസങ്ങളെയും ഒന്നൊന്നായി പിന്നിലാക്കി മുന്നോട്ട്. മെസ്സിക്കാലത്തെ അടയാളപ്പെടുത്താൻ റെക്കോർഡ് ബുക്കുകൾ പോരാതെ വരും. ഗോളടിച്ചും ഗോളടിപ്പിച്ചും കളിമെനഞ്ഞും വിസ്മയിപ്പിച്ച എത്രയെത്ര മത്സരങ്ങൾ.
ലോറസ് പുരസ്‌കാരം രണ്ട് വട്ടം നേടിയ ഒരേയൊരു ഫുട്‌ബോളർ. ഏഴ് ബാലോൺഡി ഓറിന്റെ തിളക്കം.എട്ടാം തവണ സ്വർണ ഗോളം കൈയെത്തും ദൂരത്ത്. പിഎസ്ജിയിൽ നിന്ന് ഇന്റർ മയാമിയിലേക്ക് പോകുന്ന മെസിക്ക് ഇനി ക്ലബ്ബ് ഫുട്‌ബോളിൽ വലിയ സ്വപ്നങ്ങളില്ല. ലയണൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, രണ്ടാമത്തെ മികച്ച താരം പരിക്കേറ്റ മെസിയാണ്. മറഡോണയ്‌ക്കൊപ്പം അർജന്റീനയ്ക്ക് ലോകകിരീടം സമ്മാനിച്ച ഹോർഗെ വാൽഡാനോയുടെ വാക്കുകളാണിത്.
2021ൽ അർജന്റീനക്കായി കോപ്പ അമേരിക്ക കിരീടം നേടികൊടുത്ത മെസ്സിയുടെ നായകമികവിലാണ് കഴിഞ്ഞവർഷം ഫൈനലിസിമ, ലോകകപ്പ് എന്നിവയും നേടിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റീന വീണ്ടും ലോക ഫുട്ബാളിലെ വിശ്വ കിരീടത്തിൽ മുത്തമിടുന്നത്. ഖത്തറിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും മെസ്സിക്കായിരുന്നു. കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനും മെസ്സി അർഹനായി.
രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടെ എണ്ണമറ്റ നേട്ടങ്ങളും റെക്കോഡുകളും നെഞ്ചോടു ചേർത്ത മെസ്സി, ഇനിയൊരു ലോകകപ്പിന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് ബാലൺ ഡി ഓർ പുരസ്‌കാരം കൈവശമുള്ള മെസ്സിയാണ് ഏറ്റവും തവണ ഈ പുരസ്‌കാരം നേടിയ ഫുട്ബാളറും. ഇത്തവണയും മെസ്സിക്ക് തന്നെയാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. ബാഴ്‌സലോണയുടെ കുട്ടിക്കൂട്ടങ്ങളെ കാൽപന്തു ലോകത്തേക്ക് വഴി നടത്തിയ ലാ മാസി അക്കാദമിയിൽ തുടങ്ങി 17ാം വയസ്സിലാണ് സീനിയർ ടീമിന്റെ ഭാഗമായത്.
നീണ്ട കാലം ജഴ്‌സിയണിഞ്ഞ ബാഴ്‌സലോണയാകട്ടെ, മെസ്സിക്കൊപ്പം ഷെൽഫിലെത്തിക്കാത്ത നേട്ടങ്ങളില്ല. 2009ൽ ആദ്യമായി ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ സമ്മാനിക്കപ്പെട്ട ശേഷം ശേഷം 2010, 2011, 2012 വർഷങ്ങളിലായി തുടർച്ചയായ മൂന്നു തവണ കൂടി നേടി. സുവാരസിനും നെയ്മർക്കുമൊപ്പം എം.എസ്.എൻ ത്രയം നിറഞ്ഞുനിന്ന സുവർണ കാലത്ത് ബാഴ്‌സ ലോകം ഇമ വെട്ടാതെ കൺപാർക്കുന്ന ടീമായി. 2015ൽ പിന്നെയും ബാലൺ ഡി ഓർ നേടിയ ശേഷം 2019, 2012 വർഷങ്ങളിലും പുരസ്‌കാരം സ്വന്തമാക്കി റെക്കോഡിട്ടു.
ബാഴ്‌സക്കായി നേടിയത് റെക്കോഡ് ഗോളുകൾ. അതുവഴി സ്പാനിഷ് ലീഗുകളിലെ സമാനതകളില്ലാത്ത ടോപ് സ്‌കോറർ. 103 ഗോളുകളുമായി അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്‌കോറർ. ഏറെ കാലം പന്തുതട്ടിയ ബാഴ്‌സവിട്ട് രണ്ടു വർഷം മുമ്പാണ് താരം പി.എസ്.ജിയിലേക്ക് പോകുന്നത്. എന്നാൽ, ഫ്രഞ്ച് ക്ലബിൽ കാര്യങ്ങൾ താരത്തിന് അത്ര ശുഭകരമായിരുന്നില്ല. ഇനി പന്തുതട്ടുന്നത് അമേരിക്കൽ ലീഗിൽ. കളി മികവും പ്രതിഭയുമായി ഇനിയുമേറെ വർഷങ്ങൾ ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച് നടക്കാൻ താരത്തിന് കഴിയട്ടെയെന്ന പ്രാർത്ഥനയിലാണ് ആരാധകർ. കരിയറിന്റെ അവസാനത്തിൽ ഫുട്‌ബോളിനെ സമ്മർദ്ദമില്ലാതെ ആസ്വദിക്കുന്ന മെസി ഇനിയൊരു കപ്പിനുണ്ടാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
സ്പോർട്സ് ഡെസ്ക്