പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി യുടെ അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് സൂപ്പർതാരം ലയണൽ മെസ്സി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഖേദം പ്രകടിപ്പിക്കുന്നതായി മെസ്സി അറിയിച്ചത്. സംഭവിച്ച കാര്യങ്ങളിൽ സഹകളിക്കാരോടും ക്ലബ്ബിനോടും മാപ്പ് പറയുന്നതായി മെസ്സി വ്യക്തമാക്കി.

മത്സരശേഷം പതിവുപോലെ അവധിദിനമുണ്ടാകുമെന്നാണ് കരുതിയത്. സൗദിയിലേക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണ്. ഒഴിവാക്കാൻ സാധിച്ചില്ല'- മെസ്സി പറഞ്ഞു. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ക്ലബ്ബിന്റെ നടപടികൾക്കായി കാത്തിരിക്കുന്നതായും മെസ്സി കൂട്ടിച്ചേർത്തു.

'ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത്. ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു' എന്നുമാണ് മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.

നേരത്തേ അനുവാദം ചോദിക്കാതെ സൗദി അറേബ്യ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് പി.എസ്.ജി. താരത്തിനെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഈ രണ്ടാഴ്ച താരത്തിന് കളിക്കാനും പരിശീലനം നടത്താനും സാധിക്കില്ല മാത്രമല്ല പ്രതിഫലവും നൽകില്ല. സസ്പെൻഷൻ കഴിഞ്ഞ ടീമിലേക്ക് തിരിച്ചെത്തിയാൽ മെസ്സിക്ക് ശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്.

സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ എന്ന നിലയ്ക്കാണ് മെസ്സി, സൗദി അറേബ്യ സന്ദർശിച്ചത്. മെസ്സിയുടെ കരാർ നീട്ടാൻ പി.എസ്.ജിക്ക് താത്പര്യമില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സൗദി പ്രോ ലീഗിൽ കളിക്കാൻ മെസ്സിക്ക് ഇതിനോടകം വമ്പൻ ഓഫർ വന്നിട്ടുണ്ട്. എന്നാൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പിതാവ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പഴയ ക്ലബായ ബാഴ്സലോണ അവരുടെ ഇതിഹാസ താരമായ മെസിയെ സ്വീകരിക്കാൻ തയാറാണെങ്കിലും സ്പാനിഷ് ലാ ലിഗയിലെ സാമ്പത്തിക നടപടിക്രമങ്ങൾ മെസിയുടെ തിരിച്ചുവരവിന് തടസമാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ക്ലബ് സസ്പെൻഷൻ നൽകിയതിനും ഇത്തരം അഭ്യൂഹങ്ങൾ പടരുന്ന സാഹചര്യത്തിനും പിന്നാലെയാണ് മെസിയുടെ മാപ്പ് ചോദിക്കൽ. ഇതിനോട് പിഎസ്ജി ക്ലബ് വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് വ്യക്തമായ ലിയോണൽ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ് അൽ ഹിലാൽ രംഗത്തെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. അടുത്ത സീസണിലേക്കുള്ള ഓഫറാണ് ക്ലബ് മുന്നോട്ടുവച്ചിരിക്കുന്നത്.

മെസിക്ക് നിലവിൽ ലഭിച്ചിരിക്കുന്ന ഏക ഓഫറും ഇതാണെന്നാണ് സൂപ്പർ താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തേക്ക് 400 മില്യൺ ഡോളറാണ് മെസിക്ക് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഫലം. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പിഎസ്ജിയുടെയും മെസിയുടേയും അടുത്ത നീക്കം എന്താകും എന്ന ആകാംക്ഷയിലാണ് ആരാധകർ.