പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയോട് നിലവിലെ സീസണോടെ വിടപറയുന്ന അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി ഇനി ബൂട്ടണിയുക തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയ്ക്ക് വേണ്ടിയാകുമോ? അതോ സൗദി ക്ലബ് അൽ ഹിലാലിന്റെ ജഴ്‌സി അണിയുമോ? ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെസ്സി - ക്രിസ്റ്റ്യാനോ പോരാട്ടത്തിന് അടുത്ത സീണണിൽ സൗദി അറേബ്യ വേദിയാകുമോ? കരാർ പുതുക്കില്ലെന്ന് മെസ്സിയുടെ ഏജന്റും പിതാവുമായ ഹോർഗെ മെസ്സി സൂപ്പർ താരത്തിന്റെ നിലപാട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ അറിയിച്ചതോടെ ആകാംക്ഷയിലാണ് ആരാധകർ.

സീസൺ അവസാനിക്കുന്നതോടെ പി.എസ്.ജിയുടെ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെസ്സിയുമായുള്ള പി.എസ്.ജിയുടെ കരാർ അടുത്ത മാസം അവസാനിക്കും. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് ഭൂരിഭാഗം ആരാധകരും പ്രതീക്ഷിക്കുന്നത്. മെസ്സിയെ സ്വീകരിക്കാൻ തയ്യാറാണെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ മെസ്സിക്കു ബാർസിലോനയിലേക്കു താരമായി തിരികെച്ചെല്ലാൻ സാധിക്കുമോ എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. ലീഗിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ് ഇതിനു കാരണം. ഡേവിഡ് ബെക്കാമിന്റെയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെയും വഴി പിന്തുടർന്ന് യുഎസ് മേജർ സോക്കർ ലീഗിലേക്കു പോവുകയെന്നതും മെസ്സിക്കു മുന്നിലുള്ള എളുപ്പവഴിയാണ്.

ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റർ മയാമി മെസ്സിക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. സൗദി ക്ലബ് അൽ ഹിലാൽ വാഗ്ദാനം ചെയ്ത റെക്കോർഡ് തുക പ്രതിഫലം നൽകാൻ ബെക്കാമിനു കഴിയില്ല. പകരം, ക്ലബ്ബിൽ ഓഹരി വിഹിതമാണ് മുൻ ഇംഗ്ലണ്ട് നായകൻ കൂടിയായ ബെക്കാമിന്റെ വാഗ്ദാനം. കടുത്ത വെല്ലുവിളികൾ കളിക്കളത്തിൽ ഉണ്ടാവില്ലെന്നതും അനുകൂല ഘടകം.

അനുവാദം ചോദിക്കാതെ സൗദി അറേബ്യ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് പി.എസ്.ജി താരത്തിനെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഈ രണ്ടാഴ്ച താരത്തിന് കളിക്കാനും പരിശീലനം നടത്താനും സാധിക്കില്ല മാത്രമല്ല പ്രതിഫലവും നൽകില്ല. സസ്പെൻഷൻ കഴിഞ്ഞ ടീമിലേക്ക് തിരിച്ചെത്തിയാൽ മെസ്സിക്ക് ശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്.

സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ എന്ന നിലയ്ക്കാണ് മെസ്സി സൗദി അറേബ്യ സന്ദർശിച്ചത്. മെസ്സിയുടെ കരാർ നീട്ടാൻ പി.എസ്.ജിക്ക് താത്പര്യമില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സൗദി പ്രോ ലീഗിൽ കളിക്കാൻ മെസ്സിക്ക് ഇതിനോടകം വമ്പൻ ഓഫർ വന്നിട്ടുണ്ട്. എന്നാൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പിതാവ് ഇതിനോടകം വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായ ലയണൽ മെസ്സി ഭാര്യയ്ക്കും 2 മക്കൾക്കും ഒപ്പമാണ് സൗദി സന്ദർശനം നടത്തിയത്. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ഞായറാഴ്ച ലോറിയന്റിനോടു 3 - 1നു തോറ്റതിനു പിന്നാലെയായിരുന്നു ഈ ട്രിപ്പ്. തുടർന്നുള്ള 2 കളികൾക്ക് ഒരുങ്ങാനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കളിക്കാർ പരിശീലനത്തിന് ഇറങ്ങണമെന്നായിരുന്നു കോച്ച് ക്രിസ്റ്റോഫ് ഗാൾട്ടിയറുടെ നിർദ്ദേശം. എന്നാൽ, ഇത് അനുസരിക്കാതെ, ക്ലബ്ബിന്റെ അനുമതിക്കു കാക്കാതെ മെസ്സി കുടുംബത്തിനൊപ്പം സൗദിക്കു പറന്നതാണ് പ്രശ്‌നമായത്.

മെസ്സിയും കുടുംബവും സൗദി അറേബ്യയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടിയിരുന്നു. മെസ്സിയെ സസ്‌പെൻഡ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ വിശദീകരണക്കുറിപ്പുമായി സൗദി ടൂറിസം മന്ത്രാലയവും രംഗത്തെത്തി.

2 വർഷം മുൻപ് സ്പാനിഷ് ക്ലബ് ബാർസിലോനയിൽനിന്ന് പിഎസ്ജിയിലെത്തിയ മെസ്സിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ക്ലബ്ബിന്റെ ചിരകാല അഭിലാഷമായ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ മെസ്സിയും നെയ്മാറും കിലിയൻ എംബപെയും ഉൾപ്പെടുന്ന പിഎസ്ജി സൂപ്പർ താരനിരയ്ക്കു സാധിക്കാത്തതിലും ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്.

അതേസമയം, ഈ സീസണോടെ പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിക്കുമെന്ന് പിതാവ് ഹോർഗെ മെസ്സി ഒരു മാസം മുൻപേ ക്ലബ്ബിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മെസ്സിയും ക്ലബ്ബുമായുള്ള ബന്ധം മുൻപേ വഷളായിരുന്നതിന്റെ പശ്ചാത്തലത്തിലാകും താരത്തിന്റെ സൗദി ട്രിപ്പെന്നാണ് സൂചന. മെസ്സിയെപ്പോലെ ഒരു സൂപ്പർ താരത്തെ രണ്ടാഴ്ച സസ്‌പെൻഡ് ചെയ്ത് കളത്തിനു പുറത്തു നിർത്താൻ തീരുമാനിച്ചതിനു പിന്നിലും ഇതാകാം കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഫ്രഞ്ച് ലീഗിൽ 15 ഗോളുകളും 15 അസിസ്റ്റുകളുമാണ് മെസ്സിയുടെ ഈ സീസണിലെ നേട്ടം. സംഭവത്തെക്കുറിച്ചു മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല.