ബ്യൂണസ്‌ഐറിസ്: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്തായി. ഫുട്‌ബോൾ മിശിഹ സൗദി അറേബ്യൻ ക്ലബ്ബിലേക്കോ സ്പാനിഷ് പ്രീമിയർ ലീഗിലെ ക്ലബ്ബിലേക്കോ അല്ല. അൽ ഹിലാലും ബാഴ്സയും വേണ്ടെന്ന് വെച്ച് മെസ്സി അമേരിക്കൻ ക്ലബ്ബിലേക്കേക്കാണ് ചേക്കേറുന്നത്. ലയണൽ മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നേരത്തെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്കും മെസ്സിയുടെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കും താരം കൂടുമാറ്റം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഇന്റർ മിയാമിയിലേക്ക് മെസ്സി ചേക്കേറുന്നുവെന്നാണ് റിപ്പോർട്ട്. അഡിഡാസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണം കൂടി മെസ്സിയുടെ മിയാമി കരാറിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് പത്രപ്രവർത്തകൻ ഗില്ലെം ബാലാഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

നേരത്തെ റെക്കോർഡ് തുകയാണ് സൗദി ക്ലബ്ബ് മെസ്സിക്ക് മുന്നിൽ വെച്ചത്. എന്നാൽ താരത്തിന് പശ്ചിമേഷ്യയിലേക്ക് വരാൻ താൽപര്യമില്ലെന്ന റിപ്പോർട്ടുകൾ വന്നു. പിന്നാലെ ആദ്യ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ മടങ്ങുമെന്നായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ബാഴ്‌സലോണ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മെസ്സിയെ തിരികെ എത്തിക്കുന്നതിനുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ലാലീഗ നീക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

മുൻ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ്ബാണ് ഇന്റർ മിയാമി. മാസങ്ങൾക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസ്സിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളിൽ ഫറയുന്നത്. നാല് വർഷത്തേക്ക് പ്രതിവർഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മിയാമി, മെസ്സിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ വമ്പൻ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അൽ ഹിലാൽ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.

ലാ ലിഗയിലെ ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാഴ്‌സയ്ക്കും മെസ്സിക്കും മുന്നിൽ തടസ്സമായി നിന്നിരുന്നത്. പ്രധാനമായും ക്ലബ്ബുകൾ വരവിൽ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാൻസ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല.

2021ൽ എഫ്എഫ്പി ചട്ടങ്ങൾ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാർസയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്. എന്നാൽ പിന്നീട് ലാ ലിഗ ഈ കടുംപിടുത്തത്തിൽ നിന്ന് പിന്നാക്കം പോയിരുന്നു. അപ്പോഴും നിലവിലുള്ള ഏതാനും താരങ്ങളെ വിൽക്കാതെ ബാഴ്സയ്ക്ക് മെസ്സിയെ ടീമിലെത്തിക്കാൻ സാധിക്കില്ല.