പാരീസ്: ക്ലബ്ബ് ഫുട്‌ബോളിലെ ഗോൾ വേട്ടയിൽ അപൂർവ നേട്ടം സ്വന്തമാക്കി ലയണൽ മെസി. പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് ലയണൽ മെസ്സി മറികടന്നു. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വണ്ണിൽ മോണ്ട്‌പെല്ലിയറിനെതിരെ നേടിയ ഗോളിലൂടെയാണ് മെസ്സി അപൂർവ നേട്ടത്തിലെത്തിയത്.

ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി മെസ്സിയുടെ ഗോൾ നേട്ടം 697 ആയി. റൊണാൾഡോയുടെ പേരിലുള്ളത് 696 ഗോളുകൾ. പോർചുഗീസ് താരത്തേക്കൾ 84 മത്സരങ്ങൾ കുറവാണ് മെസ്സി കളിച്ചത്. ക്രിസ്റ്റ്യാനോയുടെ പേരിൽ മൊത്തം 701 ക്ലബ് ഗോളുകളാണുള്ളത്. താരത്തിനൊപ്പമെത്താൻ മെസ്സിക്ക് നാലു ഗോളുകൾ കൂടി മതി. സൗദി പ്രോ ലീഗിൽ അൽ നസ്‌റിനു വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.

മത്സരത്തിൽ മോണ്ട്‌പെല്ലിയറിനെ 3-1നാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. കിലിയൻ എംബാപ്പെ രണ്ട് തവണ പെനാൽറ്റി നഷ്ടമാക്കുകയും പരിക്കേറ്റ് മടങ്ങുകയും ചെയ്ത മത്സരത്തിൽ 72ാം മിനിറ്റിലാണ് മെസ്സി എതിർവല കുലുക്കിയത്. ഫാബിയൻ റൂസ് നൽകിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്.

ഇതോടെ ലീഗ് വണ്ണിൽ താരത്തിന്റെ ഗോൾ സമ്പാദ്യം ഒമ്പതായി. സീസണിൽ പി.എസ്.ജിക്കായി എല്ലാ ചാമ്പ്യൻഷിപ്പുകളിൽനിന്നുമായി 14ാമത്തെ ഗോളും. സീസണിൽ ടീമിനായി 23 മത്സരങ്ങളിൽനിന്നായി 14 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

ഫുട്ബോൾ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള താരതമ്യം ആരാധകർ തുടരുമ്പോഴാണ് അപൂർവനേട്ടത്തിൽ മെസി എത്തുന്നത്. 2022 ഫുട്ബോൾ ലോകകപ്പ് നേടിക്കൊണ്ട് മെസ്സി തന്റെ കരിയറിലെ മിക്ക കിരീടങ്ങളും നേടി വിമർശകരുടെ വായടപ്പിച്ചിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് മെസ്സി ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്.