പാരീസ്: ലോകഫുട്‌ബോളിലെ മിശിഹായുടെ അത്ഭുത പ്രവർത്തനങ്ങൾക്ക് അന്ത്യമായില്ല. തുടർച്ചയായി പുതിയ നേട്ടങ്ങൾ കൊയ്തു കൊണ്ടാണ മെസ്സിയുടെ പ്രയാണം. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67-ാമത് ബാലൺ ഡിഓർ പുരസ്‌കാരം അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് തന്നെ. ഇത് എട്ടാമതും മിശിഹാ സ്വർണപ്പന്തിൽ മെസ്സി മുത്തമിടുന്നത്. അതും ഒരു പുതിയ ചരിത്രമായി മാറുകയാണ്.

സ്പെയിനിന്റെ മധ്യനിരതാരം ഐതാന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്സലോണയിലെയും സ്പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്.

ബാലൺ ഡി'ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്. 2009, 2010, 2011, 2012, 2015, 2019, 2021, വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി പുരസ്‌കാരം നേടിയിട്ടുള്ളത്. വനിത ഫുട്ബാളർമാരിൽ ലോകകപ്പ് നേടിയ സ്പെയ്ൻ ടീം അംഗം ബാഴ്സലോണയുടെ ഐറ്റാന ബോൺമറ്റി ബാലൺ ഡി ഓർ നേടി.

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്റ്റാർ സ്‌ട്രൈക്കർ എർലിങ് ഹാലൻഡായിരുന്നു ഇത്തവണ മെസ്സിയുടെ പ്രധാന എതിരാളി. സിറ്റിയുടെ ഗോളടി യന്ത്രം തന്റെ കന്നി ബാലൺ ഡി ഓർ മെസ്സിയെ മറികടന്ന് നേടുമെന്ന് പ്രവചിച്ചവർ ഒട്ടേറെയുണ്ട്. നേരത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹാലൻഡ് സ്വന്തമാക്കിയിരുന്നു. കിലിയൻ എംബാപ്പെ, മുഹമ്മദ് സലാ, കെവിൻ ഡിബ്രുയ്ൻ, വിനീഷ്യസ് എന്നിവരും സാധ്യതാപട്ടികയിലുണ്ടായിരുന്നു.

ഏഴുതവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ മെസ്സി ഈ വർഷവും നേടുമെന്ന് ആരാധകർ ഏറെക്കുറേ ഉറപ്പിച്ചിരുന്നു. 36 വർഷങ്ങൾക്ക് ശേഷം അർജന്റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടിക്കൊടുത്ത താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ ലീഗ് വൺ ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു. ചാമ്പ്യൻലീഗിലും ലീഗ് വണിലുമായി 40 ഗോളുകളായിരുന്നു മെസ്സി കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്.

ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ ഹാലൻഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടങ്ങൾക്കു പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു. 36 ഗോളുകളുമായി പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കുകയുണ്ടായി. 12 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോററും ഹാലൻഡായിരുന്നു. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 52 ഗോളുകളാണ് താരമടിച്ചത്.

ഒരുപക്ഷെ തന്റെ അവസാന ബാലൺ ഡി ഓറുമായാകും സാക്ഷാൽ മെസ്സി ഇന്ന് മടങ്ങുന്നത്. ഈ സീസൺ മുതൽ യൂറോപ്പ് വിട്ട താരം അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്. 2007 മുതൽ ബാലൺ ഡി ഓർ, മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാറി മാറിയായിരുന്നു സ്വന്തമാക്കിയിരുന്നത്. അതിലൊരു മാറ്റം വന്നത് 2018-ലായിരുന്നു. അന്ന് ലൂക്ക മോഡ്രിച് പുരസ്‌കാരത്തിൽ ആദ്യമായി മുത്തമിട്ടു. കഴിഞ്ഞ വർഷം കരീം ബെൻസേമയും പുരസ്‌കാരം നേടി.