പാരീസ്: യുവതാരം കിലിയൻ എംബാപ്പെയെ നായകനാക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഫ്രഞ്ച് ദേശീയ ടീമിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ടുകൾ.കോച്ച് ദിദിയർ ദെഷാംപ്സിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന താരം അന്റോണിയോ ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഖത്തർ ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ടീം നായകനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചിരുന്നു.ലോറിസിന് പകരമായാണ് ദെഷാംപ്സ് എംബാപ്പെയെ പരിഗണിച്ചത്.മുതിർന്നതാരവും നല്ല കരിയർ റെക്കോർഡുമുള്ള ഗ്രീസ്മാനായിരിക്കും അടുത്ത ഊഴമെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.എന്നാൽ ഏവരെയും ഞെട്ടിച്ച് ലോകകപ്പ് ഹീറോ എംബാപെയെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ തീരുമാനത്തിൽ ഗ്രീസ്മാന് പ്രതിഷേധമുണ്ടെന്ന് ലെ ഫിഗറോ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2014ൽ ടീമിനായി അരങ്ങേറിയത് മുതൽ 117 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് 32കാരനായ ഗ്രീസ്മാൻ. 42 ഗോളുകളും സ്വന്തമായുണ്ട്. ഖത്തർ ലോകകപ്പിൽ ദെഷാംപ്സിന്റെ പദ്ധതികളിലെ പ്രധാന താരമായിരുന്നു ഗ്രീസ്മാൻ. ക്ലബ് തലത്തിൽ ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിന്റെയും എംബാപ്പെ പിഎസ്ജിയുടെയും താരമാണ്.

2024 യൂറോ യോഗ്യതാ മത്സരങ്ങൾ അടുത്തയാഴ്ച മുതൽ ആരംഭിക്കുകയാണ്. നെതർലാൻഡ്സ്, അയർലാൻഡ് ടീമുകളെയാണ് ഫ്രാൻസിന് നേരിടാനുള്ളത്. 27ന് അയർലാൻഡിനെതിരെയാണ് ആദ്യ മത്സരം.