കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് പോരാട്ടത്തിൽ ബെംഗളൂരു എഫ് സി താരം സുനിൽ ഛേത്രിയുടെ വിവാദ ഗോളിന്റെ പേരിൽ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തീരുമാനത്തിന് പൂർണ പിന്തുണയുമായി മഞ്ഞപ്പട ആരാധകർ. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുറത്താകലിന് പരിശീലകന്റെ തീരുമാനം വഴിവച്ചതിന്റെ പേരിൽ ഇവാനെ ബലിയാടാക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായാണ് മഞ്ഞപ്പട രംഗത്ത് വന്നിരിക്കുന്നത്.

ഇവാനെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്കൊന്നും പിന്തുണയുണ്ടാകില്ലെന്ന് വ്യക്തമാക്കിയ മഞ്ഞപ്പട ഐഎസ്എല്ലിലെ റഫറീയിങ്ങ് നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. നോക്കൗട്ടിൽ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി തിടുക്കത്തിൽ എടുത്ത് ഗോളാക്കിയതാണ് വിവാദമായത്. ഇതിന് പിന്നാലെ തന്റെ താരങ്ങളുമായി ഇവാൻ വുകോമനോവിച്ച് മൈതാനം വിട്ടു. മത്സര സമയം കഴിഞ്ഞതിന് പി്ന്നാലെ ബെംഗളൂരുവിനെ 1-0ന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

'വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. മുൻപോട്ട് പോവുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ ഇപ്പോഴും ഞങ്ങൾ അടിവരയിട്ട് പറയുന്നു. ഞങ്ങൾ പൂർണമായും കോച്ചിനെ പിന്തുണയ്ക്കുന്നു. തിരികെ കേരളത്തിലെത്തിയ അദേഹത്തിന് കിട്ടിയ സ്വീകരണം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഐഎസ്എല്ലിലെ ഏറ്റവും പ്രൊഫഷണൽ കോച്ചുമാരിൽ ഒരാളായ ഇവാൻ എടുത്ത തീരുമാനം കേവലം അന്ന് നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങൾക്കെതിരെയാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്.

 
 
 
View this post on Instagram

A post shared by Manjappada (@kbfc_manjappada)

റഫറി ക്രിസ്റ്റൽ ആ സന്ദർഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഈ സംഭവം അന്വേഷിച്ച എഐഎഫ്എഫ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഏക ഫുട്‌ബോളർക്ക് ഗോൾ നിലനിലനിൽക്കില്ല എന്ന് തോന്നിയത്, മറ്റ് നാലുപേർക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഐഎസ്എല്ലിലെ ടീമുകൾ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങൾ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകൾ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനത്ത തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാമെങ്കിലും ഇത്തരമൊരു സംഭവം തെറ്റുകൾക്ക് അറുതിവരുത്തുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

ക്ലബിന് വേണ്ടിയാണ് ഇവാൻ ഇത്തരമൊരു പ്രവർത്തി ചെയ്തത്. ആയതിനാൽ അദ്ദേഹം തന്നെ ക്ലബിന്റെ അമരത്ത് തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ക്ലബ് അദേഹത്തോടൊപ്പം നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒപ്പം അദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്കൊന്നും ഞങ്ങൾ കൂടെയുണ്ടാകില്ല എന്നും അതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല എന്നും അറിയിക്കുന്നു.

റഫറിമാരുടെ നിലവാരം ഉയർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബുകളുമെല്ലാം ആവശ്യത്തിൽ കൂടുതൽ അനുഭവിച്ചുകഴിഞ്ഞു. ലീഗിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൊത്തത്തിൽ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു'- ഇത്രയുമാണ് മഞ്ഞപ്പടയുടെ കുറിപ്പിലുള്ളത്. മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ പരിശീലകന് പൂർണ പിന്തുണയുമായി നിലവധി ആരാധകർ എത്തിയിട്ടുണ്ട്. ഇവാനെതിരെ ക്ലബ് നടപടിയെടുത്താൽ ബ്ലാസ്റ്റേഴ്‌സുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും എന്നാണ് ആരാധകരുടെ മുന്നറിയിപ്പ്. ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിക്ക് ഐഎസ്എൽ അധികൃതർ മുതിരരുത് എന്നും ആരാധകർ ആവശ്യപ്പെടുന്നു.