പാരീസ്: ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസ്സി. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയും കരിം ബെൻസേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. പാരീസിൽ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്. അങ്ങനെ ലോക ഫുട്‌ബോളിന്റെ നെറുകയിൽ 35-ാം വയസ്സിലും നിറഞ്ഞു നിൽക്കുകയാണ് മെസി. ഏഴുവട്ടം ബാലൺ ദ്യോർ നേടിയിട്ടുള്ള മെസ്സി 2019-ൽ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരവും നേടിയിട്ടുണ്ട്.

മെസി മാത്രമല്ല, അർജന്റീനയുടേത് മാത്രമായി 4 അവാർഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‌ബോളർ- ലിയോ മെസി, മികച്ച ഫിഫ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് ലിയോണൽ സ്‌കലോനി, മികച്ച ഫിഫ ഫാൻ അവാർഡ്- അർജന്റീനിയൻ. തുടങ്ങി നാല് അവാർഡുകളാണ് അർജന്റീന സ്വന്തമാക്കിയത്. വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും ചടങ്ങിൽ മെസി പറഞ്ഞു. ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വനിതാ താരമായി സ്പെയിനിന്റെ അലക്സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസാണ് മികച്ച ഗോൾകീപ്പർ. അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോണിയാണ് മികച്ച പരിശീലകൻ. മികച്ച ആരാധകർക്കുള്ള പുരസ്‌കാരം അർജന്റീനിയൻ ആരാധകർ സ്വന്തമാക്കി. 2016 മുതലാണ് 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവർഷവും പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് മികച്ച താരമായത്.

സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെൻസേമയെ അവസാനറൗണ്ടിൽ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലൺ ദ്യോർ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയൻ എംബാപ്പെയ്ക്കുണ്ടായിരുന്നത്. എന്നാൽ ലോകകപ്പ് രാജ്യത്തിന് സമ്മാനിച്ച മെസിയുടെ ഫോം ഫിഫയും ഇതിനെല്ലാം മുകളിൽ കണ്ടു.

ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസി സ്വന്തമാക്കിയിരുന്നു. എംബപ്പെ ലോകകപ്പിൽ ടോപ് സ്‌കോറർ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളിൽ എത്താൻ ആയില്ല. കരീം ബെൻസീമക്ക് അവസാന സീസൺ വളരെ മികച്ചതായിരുന്നു. ബെൻസീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു.

ജോതാക്കളുടെ ലിസ്റ്റ് ഇങ്ങനെ:

മികച്ച പുരുഷ താരം: ലയണൽ മെസ്സി
മികച്ച വനിതാ താരം: അലക്‌സിയ പുട്ടെല്ലസ്
മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ ഡിബു മാർട്ടിനെസ്
മികച്ച വനിതാ ഗോൾകീപ്പർ: മേരി ഇയർപ്സ്
മികച്ച പുരുഷ പരിശീലകൻ: ലയണൽ സ്‌കലോനി
മികച്ച വനിതാ കോച്ച്: സറീന വിഗ്മാൻ
മികച്ച പുഷ്‌കാസ് അവാർഡ്: മാർസിൻ ഒലെക്‌സി
മികച്ച ആരാധകനുള്ള പുരസ്‌കാരം: അർജന്റീന ആരാധകർ
മികച്ച ഫെയർ പ്ലേ അവാർഡ്: ലൂക്കാ ലൊചോഷ്വിലി