ഐറിസ്: അർജന്റൈൻ ജേഴ്സിയിൽ 100 ഗോളുകൾ പൂർത്തിയാക്കി ഇതിഹാസതാരം ലിയോണൽ മെസി. കുറസാവോയ്ക്കെതിരെ മത്സരത്തിൽ ഹാട്രിക് നേടിയാണ് രാജ്യത്തിന് വേണ്ടിയുള്ള നേട്ടം മെസി ആഘോഷിച്ചത്. മത്സരം തുടങ്ങി 37 മിനിറ്റുകൾക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ മോന്റീൽ എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. ആദ്യ പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.

20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോൾ പൂർത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെൽസോയിൽ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോൾവര കടന്നു. ലാറ്റിനമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു താരം രാജ്യത്തിന് വേണ്ടി 100 ഗോൾ പൂർത്തിയാക്കുന്നത്. അങ്ങനെ മറ്റൊരു ചരിത്രം കൂടി രചിക്കുകയായിരുന്നു മെസി. ലോകകപ്പ് നേട്ടത്തിന് ശേഷം ഉജ്ജ്വല ഫോമിലാണ് മെസി. അടുത്ത ലോകകപ്പിലും മെസി കളിക്കുമെന്നാണ് സൂചന.