പാരീസ്: കരിയറിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയെത്തിയ പുതുവർഷം അർജന്റീനയിൽ ആഘോഷിച്ച ശേഷം ലയണൽ മെസി പാരീസിൽ മടങ്ങിയെത്തി. ഫ്രഞ്ച് ലീഗ് പോരാട്ടങ്ങൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് സൂപ്പർ താരം പാരിസ് സെയ്ന്റ് ജെർമെയ്നിൽ തിരിച്ചെത്തിയത്.

ഇക്കാര്യം പിഎസ്ജി ഔദ്യോഗികമായി അറിയിച്ചു. താരം വന്നിറങ്ങുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിഎസ്ജി താരങ്ങൾക്കൊപ്പം മെസി സമയം ചിലവഴിക്കുന്നുമുണ്ട്. നെയ്മറുമൊത്തുള്ള ചിത്രങ്ങളും പിഎസ്ജി പങ്കുവച്ചു. ലോകകപ്പ് നേട്ടത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച മെസി ക്രിസ്മസ്- പുതുവർഷാഘോഷങ്ങളും കഴിഞ്ഞേ പാരീസിലേക്ക് തിരിക്കൂവെന്ന് നേരത്തെ അറിയിച്ചിരുന്നു.

മെസിയില്ലാതെ രണ്ട് മത്സരങ്ങളിൽ പിഎസ്ജി കളിക്കുകയും ചെയ്തു. ഒരു മത്സരം ജയിച്ചപ്പോൾ ലെൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു. മെസി തിരിച്ചെത്തുന്നതോടെ താരത്തിന്റെ ഭാവിയെ കുറിച്ചുള്ള ചിത്രം പുറത്തുവരും. ക്ലബുമായി കരാർ പുതുക്കാൻ താരം തയ്യാറായിട്ടില്ല. ഈ സമ്മറിൽ താരത്തിന്റെ കരാർ അവസാനിക്കും. എന്നാൽ പിഎസ്ജിക്കൊപ്പം തുടരാമെന്ന് മെസി വാക്കാൽ ഉറപ്പുനൽകിയതായി വാർത്തകൾ വന്നിരുന്നു.

ലയണൽ മെസി ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുതിയ കരാർ തയ്യാറാക്കുന്നതിനായുള്ള ചർച്ചകൾ തുടർന്ന് നടക്കുമെന്നാണ് നിരീക്ഷകനായ ഫബ്രിസിയോ റൊമാനോ പറയുന്നത്. ഈ ആഴ്ച കരാർ ഒപ്പിടാനിടയില്ലെന്നും തിരക്കില്ലെന്നും മെസി ക്ലബിലെത്തിയ വീഡിയോ പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അൽ നസ്ർ ക്ലബ്ബാണ് ക്രിസ്റ്റ്യാനോയെ റെക്കോഡ് തുകയ്ക്ക് സൗദിയിലെത്തിച്ചതെങ്കിൽ സൗദിയിലെ അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബ്ബാണ് താരത്തെ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർകാറ്റോ' പറഞ്ഞിരുന്നത്.

ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്റിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ജഴ്‌സികൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്കെത്തിച്ചതോടെയാണ് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് പ്രചാരമേറിയത്. അൽ ഹിലാൽ ക്ലബ് മെസ്സിയുമായി സമീപഭാവിയിൽ തന്നെ ലോകത്തെ ഏറ്റവും വലിയ തുകയ്ക്ക് കരാറിലെത്തുമെന്നാണ് പറയപ്പെടുന്നത്. സംഭവം സത്യമായാൽ ഫുട്‌ബോൾ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാറായിരിക്കും നടക്കാൻ പോകുന്നത്.

അൽ നസ്ർ ക്ലബിന്റെ ഏറ്റവും വലിയ എതിരാളിയായ അൽ ഹിലാൽ സാക്ഷാൽ ലയണൽ മെസ്സിയെ തങ്ങളുടെ നിരയിൽ എത്തിക്കാൻ എന്തും ചെയ്യുമെന്നും ഇറ്റാലിയൻ പത്രം മുമ്പും പറഞ്ഞിരുന്നു. കുവൈത്തിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി അടക്കം ഈ സാധ്യത എടുത്തു പറഞ്ഞു. മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽ ഹിലാൽ ഗൗരവമായി തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

2021 ഓഗസ്റ്റ് 10ന് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സി ഇത്തവണ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടു സീസണിലേക്കായിരുന്നു താരവുമായുള്ള കരാർ. ആവശ്യമാണെങ്കിൽ ഒരു വർഷം ദീർഘിപ്പിക്കാമെന്നും കരാറിലുണ്ടായിരുന്നു.

അതേസമയം, മെസിക്ക് ഏത് തരത്തിലുള്ള സ്വീകരമാണ് പിഎസ്ജി ഒരുക്കുകയെന്ന ആകാംക്ഷയിലായിരുന്നു ഫുട്ബോൾ ലോകം. ഇന്ന് ട്രെയ്‌നിങ് എത്തിയപ്പോൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സഹതാരങ്ങൾ സ്വീകരിച്ചത്. എന്നാൽ പിഎസ്ജി ആരാധകർ എങ്ങനെ സ്വീകരിക്കുമെന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. കാരണം, പിഎസ്ജിയിലെ സഹതാരം എംബാപ്പെയുടെ ഫ്രാൻസിനെയാണ് അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വീകരണം എങ്ങനെയായിരിക്കുമെന്നുള്ളത് കൗതുകമുണർത്തുന്നതാണ്.

പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിരുന്നു. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ചൊവ്വാഴ്‌ച്ച മെസി പാരീസിലെത്തും. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫി സ്വന്തമാക്കിയ ശേഷമാണ് മെസി പാരീസിലെത്തുന്നത്. സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് മെസി. അക്കാര്യം ഞങ്ങൾ ഓർക്കേണ്ടതുണ്ട്. ആ കടപ്പാട് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മെസിയെ വലിയ രീതിയിൽ തന്നെ സ്വീകരിക്കേണ്ടതുണ്ട്.'' ഗാൾട്ടിയർ പറഞ്ഞു.

ലോകകപ്പ് കലാശപ്പോരാട്ടം നിശ്ചിത സമയവും അധിക സമയവും 3-3 സമനിലയായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരം പൂർത്തിയായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി മാറിയിരുന്നു.