മുംബൈ: ഐഎസ്എല്ലിൽ ഓൺഗോളിന് പിന്നാലെ മിന്നും ഫിനിഷിംഗുമായി സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത രണ്ട് ഗോളിലാണ് ഒഡിഷ എഫ്സിക്കെതിരെ മുംബൈ സ്വന്തം മൈതാനത്ത് ജയിച്ചുകയറിയത്. ശുഭം സാംരംഗിയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ മുംബൈ ഇഞ്ചുറിടൈമിൽ ബിപിൻ സിംഗിലൂടെ വിജയം പൂർത്തിയാക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് 3-3ന് മുംബൈ സമനില വഴങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ ജംഷഡ്പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ഒഡിഷ തോൽപിച്ചിരുന്നു.

മുംബൈ ഫുട്‌ബോൾ അരീനയിൽ അതിശക്തമായ ലൈനപ്പുകളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യപകുതിയിൽ ഗോൾ വീഴാതിരുന്നതോടെ 45 മിനുറ്റുകൾ വല കുലുങ്ങാതെ അവസാനിച്ചു. എന്നാൽ രണ്ടാംപകുതിയിൽ 50-ാം മിനുറ്റിൽ ലാലിയൻസ്വാല ചാങ്തെയുടെ ഷോട്ട് ഒഡിഷ ഗോളി അമരീന്ദർ സിങ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചെങ്കിലും പ്രതിരോധതാരം ശുഭം സാംരംഗിയുടെ കാലിൽത്തട്ടി തിരികെ വലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നാലെ തുല്യതക്കായി ഒഡീഷ നീക്കങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഇഞ്ചുറിടൈമിൽ(90+5) സ്റ്റെവർട്ടിന്റെ അപ്രതീക്ഷിത നീക്കത്തിന് ശേഷം ബിപിൻ സിംഗിന്റെ ഫിനിഷിംഗിൽ മുംബൈ ആദ്യ ഹോം മത്സരം വിജയിക്കുകയായിരുന്നു.

ജയത്തോടെ മുംബൈ സിറ്റി നാല് പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. ഇത്രതന്നെ പോയിന്റുമായി ഗോൾ ആനുകൂല്യത്തിൽ ഹൈദരാബാദ് എഫ്സിയാണ് തലപ്പത്ത്. ഒരു ജയമുള്ള ഒഡിഷ ഏഴാം സ്ഥാനക്കാരാണ്.

ഐഎസ്എൽ സീസണിലെ രണ്ടാംജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. കൊൽക്കത്തൻ കരുത്തരായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. ബ്ലാസ്റ്റേഴ്സ്-എടികെ പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ ബഗാൻ രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരുന്നു. എന്നാൽ രണ്ടാംപാദ പോരാട്ടം ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.