- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷക്കീറയുമായി ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ വിവാഹത്തിന് ഒരുങ്ങി ജെറാർഡ് പിക്വെ; കാമുകി ക്ലാര ചിയ മാർട്ടിയുമായി വിവാഹം ഉടനെന്ന് സ്പാനിഷ് മാധ്യമം; തെളിവായി ക്ലാരയുടെ കയ്യിൽ വിവാഹ നിശ്ചയ മോതിരം
മഡ്രിഡ്: സ്പാനിഷ് ഫുട്‌ബോൾ താരം ജെറാർഡ് പിക്വെയും കാമുകി ക്ലാര ചിയ മാർട്ടിയും ഉടൻ വിവാഹിതരായേക്കുമെന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിക്വെയ്ക്കും കാമുകിക്കും കുഞ്ഞുണ്ടാകാൻ പോകുന്നതായും അഭ്യൂഹങ്ങളുണ്ട്. അതേസമയം പിക്വെ വിവാഹക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
പിക്വെയുമായുള്ള ബന്ധം തകർന്നശേഷം മുൻ കാമുകി ഷക്കീറ മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടിയതായും സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. പിക്വെയുടെ വിവാഹക്കാര്യം രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായി.
വിവാഹക്കാര്യത്തിൽ പിക്വെയും കാമുകി ക്ലാര ചിയയും തീരുമാനമെടുത്തിട്ടുണ്ട്. വളരെ ചെറിയ ചടങ്ങായി വിവാഹം നടത്താനാണു നീക്കം. പിക്വെയുടെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിനായി ഫുട്‌ബോൾ താരവും കാമുകിയും കഴിഞ്ഞ ദിവസം സ്‌പെയിനിലെ കോസ്റ്റ ബ്രാവയിലെത്തിയിരുന്നു. തുടർന്നാണു ക്ലാര ചിയയുടെ ചിത്രവും പുറത്തുവന്നത്.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ക്ലാരയുടെ കയ്യിൽ പിക്വെ അണിയിച്ച വിവാഹ നിശ്ചയ മോതിരം ഉണ്ടായിരുന്നതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങൾ നീണ്ട ബന്ധം ഉപേക്ഷിച്ചാണ് മാസങ്ങൾക്കു മുൻപ് പിക്വെയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞത്.
ജെറാർഡ് പിക്വെയും പോപ് ഗായിക ഷാക്കിറയും തമ്മിലുള്ള പ്രണയം ലോകം ഏറെ ചർച്ച ചെയ്തിരുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ജോഡികളിലൊന്നായാണ് ഇരുവരെയും കണക്കാക്കിയിരുന്നതും. എന്നാൽ പരസ്ത്രീ ബന്ധം ആരോപിച്ചാണ് പിക്വെയുമായുള്ള ബന്ധം ഷാക്കിറ ഉപേക്ഷിച്ചത്.
ഷാക്കിറ പിക്വെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. മൂത്തമകൻ മിലാന് ഒൻപതും ഇളയമകൻ സാഷയ്ക്ക് ഏഴുമാണ് പ്രായം. കരാർ പ്രകാരം ഇരുവരുടേയും മക്കൾ ഷക്കീറയ്‌ക്കൊപ്പമാണു കഴിയുന്നത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്ബോൾ ലോകകപ്പിനിടേയാണ് ഷാക്കിറയും പിക്വെയും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ 'വക്ക വക്ക' വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്