ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് മിന്നും ജയം. ബോൺമത്തിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെമ്പട നിലംപരിശാക്കിയത്. സിറ്റി രണ്ടിനെതിരേ നാല് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തകർത്തു. മറ്റൊരു മത്സരത്തിൽ ചെൽസി ലെസ്റ്റർ സിറ്റിയേയും ബ്രൈട്ടൺ ലീഡ്സ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി.

ലീഗിലേക്ക് ഇത്തവണ യോഗ്യത നേടിയെത്തിയ ബേൺമൗത്തിനെതിരേ ഗംഭീര പ്രകടനമാണ് ക്ലോപ്പും സംഘവും കാഴ്ചവെച്ചത്. ആദ്യ മൂന്ന് കളികളും വിജയിക്കാൻ സാധിക്കാതിരുന്ന ചെമ്പട ബേൺമൗത്തിനെ ഒമ്പത് ഗോളുകൾക്ക് തകർത്തെറിഞ്ഞു. ലൂയിസ് ഡയസും റൊബേർട്ടോ ഫിർമിന്യോയും ഇരട്ട ഗോളുകൾ നേടി. ഹാർവി എല്ല്യട്ട്, ട്രെന്റ് അലക്സാൻഡർ അർനോൾഡ്, വിർജിൽ വാൻ ഡൈക്ക്, ഫാബിയോ കാർവലോ എന്നിവരും ചെമ്പടയ്ക്കായി വല കുലുക്കി. ബേൺമൗത്തിന്റെ പ്രതിരോധതാരം ക്രിസ് മെഫാം സെൽഫ് ഗോളും നേടി.

ലിവർപൂൾ ആദ്യമായാണ് ഒരു പ്രീമിയർ മത്സരത്തിന്റെ ആദ്യ പകുതിയിൽ അഞ്ച് ഗോളുകൾ നേടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ഇതിന് മുൻപ് 1989-ൽ ക്രിസ്റ്റൽ പാലസിനെതിരേയാണ് ലിവർപൂൾ ഏകപക്ഷീയമായ ഒമ്പത് ഗോളുകൾക്ക് വിജയിക്കുന്നത്. ഈ സീസണിലെ ലിവർപൂളിന്റെ ആദ്യ ലീഗ് വിജയം കൂടിയാണിത്.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോറ്റ ലിവർപൂളിന്റെ ആദ്യ രണ്ടു മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു. നിലവിൽ യുർഗൻ ക്ലോപ്പിന്റെ സംഘം അഞ്ചു പോയിന്റുമായി ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

എത്തിഹാദിൽ സിറ്റിക്ക് തുടക്കത്തിൽ തന്നെ അപ്രതീക്ഷിതമായ തിരിച്ചടിയേറ്റു. നാലാം മിനിറ്റിൽ സിറ്റി പ്രതിരോധ താരം ജോൺ സ്റ്റോൺസിന്റെ സെൽഫ് ഗോളും 21-ാം മിനിറ്റിൽ ബേൺമൗത്ത് ഡിഫെൻഡർ ജോക്കിം ആൻഡേഴ്സന്റെ ഗോളുമാണ് സിറ്റിയെ ഞെട്ടിച്ചത്. ആദ്യ പകുതി രണ്ട് ഗോളുകൾക്ക് സിറ്റി പിന്നിലായിരുന്നു.

രണ്ടാം പകുതിയിൽ സിറ്റിയുടെ അവിശ്വസനീയ തിരിച്ചുവരവാണ് കണ്ടത്. 53-ാം മിനിറ്റിൽ ബെർണാഡോ സിൽവയിലൂടെ പെപ്പും സംഘവും ഗോളടിക്ക് തുടക്കമിട്ടു. പിന്നാലെ സൂപ്പർതാരം എർലിങ് ഹാളണ്ടിന്റെ ഹാട്രിക്ക് പ്രകടനവും. 62, 70, 81 മിനിറ്റുകളിലാണ് ഹാളണ്ട് വലകുലുക്കിയത്. ഇതോടെ ലീഗിലെ മൂന്നാം ജയമാണ് സിറ്റി സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തിൽ ചെൽസി ലെസ്റ്ററിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്. റഹീം സ്റ്റെർലിംഗിന്റെ ഇരട്ടഗോളുകളാണ് നീലപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. ഹാർവി ബാൺസ് ലെസ്റ്ററിന്റെ ആശ്വാസഗോൾ നേടി. ചെൽസിയുടെ ലീഗിലെ രണ്ടാം വിജയമാണിത്.