ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയും ടോട്ടനവും ജയത്തോടെ മുന്നേറിയപ്പോൾ ലിവർപൂളിന് സമനില കുരുക്ക്. ചെൽസി വെസ്റ്റ് ഹാം യുണൈറ്റഡിനേയും ടോട്ടനം ഫുൾഹാമിനേയുമാണ് പരാജയപ്പെടുത്തിയത്. ലീഗിൽ ഇതുവരെ ടോട്ടനം തോൽവിയറിഞ്ഞിട്ടില്ല. ചെൽസി ലീഗിലെ മൂന്നാം ജയമാണ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡ് ലീഡ്സിനേയും ബേൺമൗത്ത് നോട്ടിങ് ഹാം ഫോറസ്റ്റിനേയും തോൽപ്പിച്ചു.

എവർട്ടണാണ് ലിവർപൂളിനെ സമനിലയിൽ തളച്ചത്. ഗൂഡിസൺ പാർക്കിൽ നടന്ന മേഴ്സിസൈഡ് ഡെർബി ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ആറ് മത്സരങ്ങളിൽ നിന്ന് ചെമ്പടയുടെ മൂന്നാം സമനിലയാണിത്. ലീഗിൽ എവർട്ടണിന് ഇതുവരെ വിജയിക്കാനായിട്ടില്ല.

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേ പിന്നിൽ നിന്ന ശേഷമാണ് ചെൽസി വിജയിച്ചുകയറിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആദ്യ പകുതി ഗോൾരഹിതമായിട്ടാണ് അവസാനിച്ചത്. 62-ാം മിനിറ്റിൽ മൈക്കേൽ അന്റോണിയോ വെസ്റ്റ് ഹാമിന് ലീഡ് സമ്മാനിച്ചു. എന്നാൽ നീലപ്പടയുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. പകരക്കാരായിറങ്ങിയ പ്രതിരോധതാരം ബെൻ ചിൽവെൽ 76-ാം മിനിറ്റിലും മുന്നേറ്റതാരം കായ് ഹാവേർട്സ് 88-ാം മിനിറ്റിലും നീലപ്പടക്കായി ഗോൾ വലകുലുക്കി.

ഫുൾഹാമിനെതിരേ സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനമാണ് ടോട്ടനം കാഴ്ചവെച്ചത്. 40-ാം മിനിറ്റിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ഹൊയ്ബെർഗാണ് ടോട്ടനത്തിനായി ആദ്യം വലകുലുക്കിയത്. രണ്ടാം പകുതിയിലെ 75-ാം മിനിറ്റിൽ സൂപ്പർ താരം ഹാരി കെയ്ൻ സ്പർസിന്റെ രണ്ടാം ഗോളും നേടി. അലക്സാണ്ടർ മിട്രോവിക് ഫുൾഹാമിന്റെ ആശ്വാസഗോൾ നേടി. ഇതോടെ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾനേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതെത്താനും കെയ്നിനായി. 188 ഗോളുകളാണ് കെയ്നിനുള്ളത്. 208 ഗോളുകളുള്ള മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം വെയിൻ റൂണിയും 260 ഗോളുകളുള്ള ഇംഗ്ലീഷ്താരം അലൻ ഷിയററുമാണ് കെയ്നിന് മുന്നിലുള്ളത്.

മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരേ ബ്രെന്റ്ഫോർഡ് തകർപ്പൻജയം സ്വന്തമാക്കി. രണ്ടിനെതിരേ അഞ്ച് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് ബേൺമൗത്ത് നോട്ടിങ് ഹാം ഫോറസ്റ്റിനേയും തോൽപ്പിച്ചു.