മുംബൈ: മുംബൈ സിറ്റി എഫ്.സി. ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ. സെമി ഫൈനലിൽ കരുത്തരായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ മറികടന്ന് മുംബൈ ഫൈനലിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ വിജയം.

മുംബൈയ്ക്ക് വേണ്ടി ബിപിൻ സിങ്ങാണ് വിജയഗോൾ നേടിയത്. നിശ്ചിത സമയത്തിന്റെ ഇൻജുറി ടൈമിലാണ് ഗോൾ പിറന്നത്. ശക്തരായ മുംബൈ സിറ്റിക്കെതിരേ മികച്ച പ്രകടനമാണ് മുഹമ്മദൻസ് കാഴ്ചവെച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാനം വരെയും മുംബൈ സിറ്റിയെ ഗോളടിക്കാൻ മുഹമ്മദൻസ് അനുവദിച്ചില്ല.

എന്നാൽ രണ്ടാം പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിൽ ബിപിൻ സിങ് സമനിലപ്പൂട്ട് പൊട്ടിച്ച് മുംബൈയ്ക്ക് വിജയഗോൾ സമ്മാനിച്ചു. ചങ്തെയുടെ പാസിൽ നിന്നാണ് ബിപിൻ ഗോളടിച്ചത്. ഫൈനലിൽ ബെംഗളൂരു എഫ്.സിയോ ഹൈദരാബാദ് എഫ്.സിയോ ആയിരിക്കും മുംബൈയുടെ എതിരാളി. സെപ്റ്റംബർ 18 നാണ് ഫൈനൽ.