ഹൈഫ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരങ്ങൾ മിന്നിത്തെളിഞ്ഞ മത്സരത്തിൽ ഇസ്രയേൽ ക്ലബ്ബ് മക്കാബി ഹൈഫയെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം. 37-ാം മിനിറ്റിൽ ലയണൽ മെസ്സി, 69-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ, 88-ാം മിനിറ്റിൽ നെയ്മർ എന്നിവരാണ് ഫ്രഞ്ച് ക്ലബ്ബിനായി സ്‌കോർ ചെയ്തത്.

എംബാപ്പെയുടെ ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. 24-ാം മിനിറ്റിൽ പിഎസ്ജിയെ ഞെട്ടിച്ച് മക്കാബിയാണ് ആദ്യം സ്‌കോർ ചെയ്തത്. ടയാറോൺ ചെറിയാണ് അവർക്കായി പന്ത് വലയിലെത്തിച്ചത്. പിന്നീട് പിഎസ്ജി മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിൽ ജർമൻ ക്ലബ്ബ് ആർബി ലെയ്പിസിഗിനെതിരേ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ജയം നേടി. 80 മിനിറ്റോളം റയൽ ആക്രമണങ്ങളെ തടഞ്ഞ ലെയ്പിസിഗിന് അവസാന 10 മിനിറ്റിൽ പക്ഷേ പിഴച്ചു. 80-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്ന് ഫെഡെറിക്കോ വാൽവെർദെയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ ഇൻജുറി ടൈമിൽ മാർക്കോ അസെൻസിയോയും സ്‌കോർ ചെയ്തതോടെ റയൽ മൂന്ന് പോയന്റ് സ്വന്തമാക്കുകയായിരുന്നു.

മറ്റ് മത്സരങ്ങളിൽ യുവെന്റസ് ബെൻഫിക്കയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോറ്റു. നാപ്പോളി റേഞ്ചേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ചെൽസി ആൽബി സാൽസ്ബർഗിനോട് സമനില (1 - 1) വഴങ്ങി.

എർളിങ് ഹാളണ്ട് തിളങ്ങിയ മത്സരത്തിൽ ബെറൂസ്സിയ ഡോർട്ട്മുൺഡിനെതിരേ മാഞ്ചെസ്റ്റർ സിറ്റി ജയം നേടി. സിറ്റിയുടെ സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം.

56-ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് ജൂഡ് ബെല്ലിങ്ഹാം ഡോർട്ട്മുൺഡിനെ മുന്നിലെത്തിച്ചു. കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. ജോൺ സ്റ്റോൺസിലൂടെ സിറ്റി ഗോൾ മടക്കി. ബോക്സിന് പുറത്തുനിന്നുള്ള സ്റ്റോൺസിന്റെ കിടിലൻ ഷോട്ട് ഡോർട്ട്മുൺഡ് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ കയറുകയായിരുന്നു. പിന്നാലെ 84-ാം മിനിറ്റിൽ ഹാളണ്ട് അവരുടെ വിജയ ഗോളും സ്വന്തമാക്കി. എന്നാൽ തന്റെ മുൻ ക്ലബ്ബിനെതിരായ ഈ ഗോൾ ആഘോഷിക്കാൻ താരം തയ്യാറായില്ല.

അതേ സമയം യൂറോപ്പ ലീഗ് ഫുട്‌ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. മൊൾഡോവൻ ക്ലബ് ഷെറിഫാണ് എതിരാളികൾ. എ.എസ് റോമ, റയൽ സോസിഡാഡ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നറിയാനാണ് ആകാംക്ഷ. സീസണിൽ രണ്ട് മത്സരത്തിലാണ് റൊണാൾഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ഈ രണ്ട് കളിയിലും യുണൈറ്റഡ് തോറ്റു. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് തോറ്റതിനാൽ യുണൈറ്റഡിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. ഇതുകൊണ്ടുതന്നെ ടീമിൽ മാറ്റമുറപ്പ്.