ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരായ വിയറ്റ്നാം ഇന്ത്യയെ കീഴടക്കിയത്. വിയറ്റ്നാമിനായി ഫാൻ വാൻ ഡുക്, എൻഗുയെൻ വാൻ ടോവാൻ, എൻഗുയെൻ വാൻ ക്യൂയത്ത് എന്നിവർ ഗോളടിച്ചു.

വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ തോങ് നാട്ട് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിൽ മികച്ച ടീമിനെ അണിനിരത്തിയിട്ടും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ആദ്യ ഇലവനിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൾ സമദും ഇടം നേടി.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ വാൻ ഡുക്കിലൂടെ വിയറ്റ്നാം ലീഡെടുത്തു. കോർണറിലൂടെയാണ് ഗോൾ പിറന്നത്. കോർണർ കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച വാൻ ഡുക്ക് മികച്ച ഒരു വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയിൽ വിയറ്റ്നാം ഈ ഗോളിന്റെ ബലത്തിൽ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിയറ്റ്നാം വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ വാൻ ടോവാനാണ് സ്‌കോർ ചെയ്തത്. ഉയർന്നുവന്ന പാസ് സ്വീകരിച്ച ടോവാൻ പ്രതിരോധതാരം അൻവർ അലിയെ കബിളിപ്പിച്ച് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കീഴ്പ്പെടുത്തിക്കൊണ്ട് വലകുലുക്കി. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നു.

71-ാം മിനിറ്റിൽ വാൻ ക്യൂയത്തിലൂടെ വിയറ്റ്നാം ഗോൾനേട്ടം പൂർത്തിയാക്കി. ഇന്ത്യൻ പ്രതിരോധതാരം സന്ദേശ് ജിംഗാന്റെ ഹെഡ് ക്ലിയറൻസിൽ നിന്ന് പന്ത് സ്വീകരിച്ച ക്യൂയത്ത് ലക്ഷ്യം കണ്ടു. 86-ാം മിനിറ്റിൽ മറ്റൊരു മലയാളി താരമായ രാഹുൽ.കെ.പി പകരക്കാരനായി ഗ്രൗണ്ടിലിറങ്ങി. കഴിഞ്ഞ സൗഹൃദമത്സരത്തിൽ റാങ്കിങ്ങിൽ പിറകിലുള്ള സിങ്കപ്പൂരുമായി ഇന്ത്യ സമനിലയിൽ പിരിഞ്ഞിരുന്നു.