പാരിസ്:ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. അർജന്റീനയിലെ കായിക ലേഖകൻ സെബാസ്റ്റ്യൻ വിഗ്‌നോളോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മെസ്സി ഇക്കാര്യം പറഞ്ഞത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും ആ തീരുമാനം താൻ എടുത്തുകഴിഞ്ഞുവെന്നും മെസ്സി വ്യക്തമാക്കി.

''ലോകകപ്പ് വരെയുള്ള ദിനങ്ങൾ ഞാൻ എണ്ണിക്കൊണ്ടിരിക്കുകയാണ്. സത്യം, ചെറിയ ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകും എന്ത് സംഭവിക്കും എന്നൊന്നും അറിയില്ല. ഒരു വശത്ത് എത്രയും വേഗം ലോകകപ്പ് ആകണേ എന്നാണ്. അത് നന്നായി പോകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ (അർജന്റീന ടീം) മികച്ച നിലയിലാണ്. ശക്തമായ സംഘമാണ്. എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുള്ളതാണ്, അതാണ് ഒരു ലോകകപ്പിനെ ഏറെ സവിശേഷമാക്കുന്നത്. കാരണം, ഫേവറിറ്റുകളായിരിക്കില്ല എല്ലായ്‌പ്പോഴും വിജയിക്കുന്നത്.'' - മെസ്സി വ്യക്തമാക്കി.

2019 മുതൽ പരാജയമറിയാതെ തുടർച്ചയായി 35 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അർജന്റീന. കഴിഞ്ഞ വർഷം ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടവും മെസ്സിയും സംഘവും സ്വന്തമാക്കിയിരുന്നു.

അതേ സമയം ക്ലബ്ബ് ഫുട്‌ബോളിൽ മെസ്സി മിന്നുന്ന് ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡും പിഎസ്ജിയുടെ അർജന്റീന താരം സ്വന്തമാക്കി. 40 വ്യത്യസ്ത ചാമ്പ്യൻസ് ലീഗ് ടീമുകൾക്കെതിരേ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. 39 ക്ലബുകൾക്കെതിരെ ഗോൾ നേടിയതോടെ തന്നെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോഡ് മെസ്സി സ്വന്തമാക്കിയിരുന്നു.

വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബെൻഫിക്കയ്ക്കെതിരേ 22-ാം മിനിറ്റിൽ സ്‌കോർ ചെയ്തതോടെയാണ് മെസ്സി റെക്കോഡ് സ്വന്തമാക്കിയത്. 2005-06 സീസൺ മുതൽ തുടർച്ചയായ 18 സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടം നേരത്തെ തന്നെ മെസ്സി സ്വന്തമാക്കിയിരുന്നു. തുടർച്ചയായി 17 സീസണുകളിൽ ഗോളടിച്ച റയൽ മാഡ്രിഡ് താരം കരീം ബെൻസേമയേയാണ് മെസ്സി മറികടന്നത്.