അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വെള്ളി മെഡൽ മാത്രം. ഫൈനലിൽ കരുത്തരായ ബംഗാളിനോട് തോൽവി വഴങ്ങിയതോടെ കേരളം വെള്ളിയിലൊതുങ്ങി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബംഗാൾ കേരളത്തെ കീഴടക്കിയത്.

ബംഗാളിനായി നായകൻ നരോ ഹരി ശ്രേഷ്ഠ ഹാട്രിക്ക് നേടി ടീമിന്റെ വിജയനായകനായി. റോബി ഹൻസ്ഡ, അമിത് ചക്രവർത്തി എന്നിവരും ടീമിനായി വലകുലുക്കി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ ബംഗാൾ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ അടിച്ച് വിജയം കൊയ്തു. മത്സരത്തിന്റെ 16, 30, 45, 51, 85 മിനിറ്റുകളിലാണ് ഗോൾ പിറന്നത്.

കേരളത്തിന് അടിമുടി പിഴച്ച മത്സരമായിരുന്നു ഇത്. മുന്നേറ്റനിരയിലും മധ്യനിരയിലും പ്രതിരോധത്തിലും താരങ്ങൾ മോശം ഫോമാണ് കാഴ്ചവെച്ചത്. ഒരൊറ്റ ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് കേരളം കീഴടങ്ങിയത്. ബംഗാൾ നേടിയ ഗോളുകളിൽ മിക്കവയും കേരളത്തിന്റെ പിഴവിൽ നിന്ന് പിറന്നവയാണ്. കേരളം കളിമറക്കുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷിയായത്.