- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 17 വനിതാ ലോകകപ്പ്: ആതിഥേയരായ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം; യു.എസിന്റെ ജയം എതിരില്ലാത്ത എട്ട് ഗോളുകൾക്ക്
ഭുവനേശ്വർ: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ കരുത്തരായ അമേരിക്കക്കെതിരെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
മത്സരത്തിൽ കരുത്തരായ യു.എസ്സിനെതിരേ പൊരുതാൻ പോലുമാവാതെ ഇന്ത്യ പതറി. യു.എസ്സിനായി മെലിന ആഞ്ജലിക്ക റെബിംബാസ് ഇരട്ടഗോൾ നേടി. ഷാർലറ്റ് റൂത്ത് കോലർ, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംപ്സൺ, എല്ല എംറി, ടെയ്ലർ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും ലക്ഷ്യം കണ്ടു.
സെറ്റ് പീസുകളാണ് ഇന്ത്യയെ തകർത്തത്. കോർണറും പെനാൽറ്റിയുമൊക്കെ ഗോളുകളാക്കി മാറ്റാൻ അമേരിക്കയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാനായില്ല. മത്സരത്തിലുടനീളം യു.എസ്സാണ് ആധിപത്യം പുലർത്തിയത്. 14 ഷോട്ടുകളാണ് ടീം ഇന്ത്യൻ പോസ്റ്റിലേക്ക് അടിച്ചത്. മത്സരത്തിൽ 79 ശതമാനം പന്ത് കൈവശം വെച്ചതും സന്ദർശകർ തന്നെ.
ഈ ജയത്തോടെ ഗ്രൂപ്പ് എ യിൽ യു.എസ് ഒന്നാമതെത്തി. ബ്രസീൽ രണ്ടാം സ്ഥാനത്തും മൊറോക്കോ മൂന്നാമതുമാണ്. ഇന്ത്യ നാലാം സ്ഥാനത്താണ്. ഗ്രൂപ്പിൽ ഇനി ബ്രസീലും മൊറോക്കോയുമാണ് ഇന്ത്യയുടെ എതിരാളികൾ. അടുത്ത മത്സരത്തിൽ മൊറോക്കേയുമായി ഇന്ത്യ ഏറ്റുമുട്ടും.
സ്പോർട്സ് ഡെസ്ക്