പാരീസ്: ഫ്രഞ്ച് താരം എൻഗോളോ കാന്റെയുടെ കണങ്കാലിന് പരിക്കേറ്റതോടെ താരത്തിന് ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്നുറപ്പായി. ശസ്ത്രക്രിയ നടത്തിയതിനാൽ കാന്റെയ്ക്ക് നാലു മാസം വിശ്രമം വേണ്ടിവരും. 2018 ലോകകപ്പിൽ ടീമിനെ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് എൻഗോളോ കാന്റെ. മധ്യനിരയിൽ ഫ്രാൻസിന്റെ എഞ്ചിനായ കാന്റെയുടെ അഭാവം ലോകചാമ്പ്യന്മാർക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഈ സീസണിന്റെ തുടക്കം മുതൽ പരിക്കുമൂലം വലഞ്ഞ കാന്റെയ്ക്ക് രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ചെൽസിക്കായി കളിക്കാനായത്. 2016ൽ ലെസസ്റ്റർ സിറ്റിയിൽ നിന്ന് ചെൽസിയിലെത്തിയ 31കാരനായ കാന്റെ നീലക്കുപ്പായക്കാരുടെയും നിർണായക താരമാണ്. ഫ്രാൻസിനായി 53 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് കാന്റെ. ടൂർണമെന്റിന് മുമ്പ് കായികക്ഷമത തെളിയിക്കാത്ത ആരെയും ലോകകപ്പിനുള്ള ടീമിലെടുക്കില്ലെന്ന് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സ് വ്യക്തമാക്കിയിരുന്നു.

നവംബർ ഒമ്പതിനാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. കാന്റെയുടെ അഭാവത്തിൽ മധ്യനിരയിൽ കളി നിയന്ത്രിക്കേണ്ട യുവന്റസ് താരം പോൾ പോഗ്ബയും പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. ഇതിന് പുറമെ സ്പാനിഷ് ലീഗിൽ കളിക്കുന്ന മിഡ്ഫീൽഡൽ തോമസ് ലെമാറിനും കഴിഞ്ഞ ആഴ്ച പരിക്കേറ്റത് ദെഷാംപ്‌സിന്റെ ആശങ്ക കൂട്ടുന്നു. ഓസ്ട്രിയ, ഡെന്മാർക്ക്, ടുണീഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇത്തവണ നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് പോരാട്ടത്തിന് ഇറങ്ങുക.

പരിക്കേറ്റ ലിവർപൂൾ താരം ഡിഗോ ജോട്ടയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്നത് ലോകകപ്പിന് ഒരുങ്ങുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും കനത്ത തിരിച്ചടിയാവും. കാലിലെ മസിലിന് പരിക്കേറ്റ ജോട്ടയ്ക്ക് മാസങ്ങളോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് ജോട്ടയ്ക്ക് പരിക്കേറ്റത്. ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പാണ് ജോട്ടയ്ക്ക് ലോകകപ്പിൽ കളിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.