ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂൾ എഫ്.സിയെ സ്വന്തമാക്കാൻ മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തുടക്കമായെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ കോടീശ്വരനാണ് മുകേഷ് അംബാനി.

ലിവർപൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ നാല് ബില്യൺ യൂറോയാണ് മുടക്കേണ്ടി വരിക. നിലവിൽ ക്ലബ്ബിന്റെ ഉടമകൾ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എടഏ) ആണ്. ലിവർപൂളിനെ സ്വന്തമാക്കാൻ ചില അമേരിക്കൻ കമ്പനികളും ഗൾഫ് മേഖലയിലെ ചിലരും രംഗത്തുണ്ട്.

അംബാനി ഇതിനോടകം ക്ലബ്ബിന്റെ വിവരങ്ങൾ ആരാഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. അമേരിക്കൻ കമ്പനി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ചിരിക്കുന്ന തുക വളരെ കുറവായതിനാൽ തന്നെ അംബാനി ലിവർപൂളിനെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.

ലോകത്തിലെ എട്ടാമത്തെ വലിയ സമ്പന്നൻ എന്ന് ഫോർബ്‌സ് മാസിക വിശേഷിപ്പിച്ച അംബാനിയുടെ ആകെ ആസ്തി 90 ബില്ല്യൺ ഡോളറാണ്. 2010ൽ എഫ് എസ് ജി ഏറ്റെടുത്ത ലിവർപൂളിന് പുതിയ ഉടമകളെ തേടുന്നു എന്ന വാർത്ത അടുത്തയിടെയാണ് പുറത്തു വന്നത്.

2010ലും ലിവർപൂൾ സ്വന്തമാക്കാൻ മുകേഷ് അംബാനി ശ്രമങ്ങൾ നടത്തിയിരുന്നു. സഹാറാ ഗ്രൂപ്പുമായി ചേർന്ന്, ക്ലബ്ബിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാനായിരുന്നു അംബാനി അന്ന് ശ്രമം നടത്തിയത്. എന്നാൽ ഇത്തരത്തിൽ വന്ന വാർത്തകൾ ലിവർപൂൾ എഫ് സി നിഷേധിക്കുകയും ക്ലബ്ബ് എഫ് എസ് ജി സ്വന്തമാക്കുകയുമായിരുന്നു.