- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ മുടക്കി ലോക കപ്പിനെത്തിയ സായിപ്പന്മാരെ നിരാശപ്പെടുത്തി മദ്യ നിരോധനം; കളി നടക്കുമ്പോൾ ബിയർ വിൽപനയില്ലെന്ന വാർത്തയിൽ ഫുട്ബോൾ ഫാൻസ് കലാപം തുടങ്ങി; ഖത്തറിന്റെ കാടൻ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മാധ്യമങ്ങൾ
ഫുട്ബോൾ ആരാധകർക്ക്, പ്രത്യേകിച്ചും യൂറോപ്പിൽ നിന്നുള്ള ആരാധകർക്ക് ലോകകപ്പ് ഫുട്ബോൾ എന്നാൽ അത് കേവലം ഒരു കായിക മത്സരം മാത്രമല്ല. മറിച്ച്, അത് ജീവിതത്തിൽ നാലു വർഷത്തിലൊരിക്കൽ എത്തുന്ന ഒരു ഉത്സവമാണ്. ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ച് ആർത്തുല്ലസിക്കാനുള്ള നാളുകൾ. ആ അവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഖത്തറിലെ നിയമങ്ങൾ. എല്ലാ സ്റ്റേഡിയങ്ങളിലും മദ്യം നിരോധിച്ചുകൊണ്ടുള്ള വാർത്തയെത്തിയതോടെ കോപാകുലരായ ഫുട്ബോൾ ആരാധകർ ടിക്കറ്റിന് മുടക്കിയ പണം തിരികെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
ഖത്തറിനെ പോലെ കാലഹരണപ്പെട്ട നിയമങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് ലോക കപ്പ് മത്സരങ്ങൾ വെച്ചതോടെ ലോകകപ്പിന്റെ ശോഭ കെട്ടുപോയി എന്ന് ആരാധാകർ പറയുന്നു. മത്സരം തുടങ്ങാൻ 48 മണിക്കൂറിൽ താഴെ മാത്രം നിൽക്കേ ഉണ്ടായ മദ്യനിരോധനം യൂറോപ്യൻ ഫുട്ബോൾ ആരാധകരെ കടുത്ത നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്. വല്യേട്ടന്റെ കർശന നിരീക്ഷണത്തിൽ ഇരുന്ന് കളി കാണുന്നതിൽ എന്താണ് ആസ്വാദ്യകരം എന്നാണ് അവർ ചോദിക്കുന്നത്.
ഖത്തർ രാജകുടുംബത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യത്തിനെതിരെ രാജ്യത്ത് കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും കളി സമയത്ത് അത് വാങ്ങുവാനും ആസ്വദിക്കുവാനും കഴിയുമെന്ന് നേരത്തേ ഫിഫ ഫുട്ബോൾ ആരാധകർക്ക് ഉറപ്പു നൽകിയിരുന്നതാണ്. ഇപ്പോൾ, 22,450 ഡോളർ ടിക്കറ്റ് എടുത്ത് കോർപ്പറേറ്റ് ബോക്സുകളിൽ ഇരിക്കുന്നവർക്ക് മാത്രമായിരിക്കും കളിക്കിടെ മദ്യം നുണയാൻ കഴിയുക.
കർശനമായ ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിൽ സ്ത്രീകൾക്ക് പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എൽ ജി ബി ടി വിഭാഗത്തിൽ പെടുന്നവരെ ക്രിമിനലുകളായി കണക്കാക്കുന്ന നാട്ടിൽ പരസ്യമായ പ്രണയ പ്രകടനവും മദ്യപാനവും വിലക്കിയിട്ടുമുണ്ട്. മത്സരത്തിന്റെ സ്പോൺസർമാരിൽ ഒരാളായി ബഡ്വൈസറിനെ നിശ്ചയിക്കുകയും സ്റ്റേഡിയത്തിൽ ബിയർ വിൽക്കുന്നതിനുള്ള കുത്തകാവകാശം നൽകുകയും ചെയ്ത ഫിഫ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ആൽക്കഹോൾ ഇല്ലാത്ത ബിയർ മാത്രമായിരിക്കും ഇനി ഇവിടെ വിൽക്കാൻ കഴിയുക.
നേരത്തേ, എട്ട് സ്റ്റേഡിയങ്ങൾക്ക് പുറത്തും കളി തുടങ്ങുന്നതിനു മൂന്ന് മണിക്കൂർ മുൻപും, കളി കഴിഞ്ഞ് ഒരു മണിക്കൂറും ആൽക്കഹോൾ കലർന്ന ബിയർ വിൽക്കാൻ ഇവർക്ക് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കിൽ, ആയിരക്കണക്കിന് ഡോളർ മുടക്കി ടിക്കറ്റ് എടുക്കുകയോ ഖത്തറിലേക്ക് യാത്ര തിരിക്കുകയോ ചെയ്യുകയില്ലായിരുന്നു എന്നാണ് മിക്ക ഫുട്ബോൾ ആരാധകരും പറയുന്നത്. ടൂർണമെന്റിന്റെ സ്പോൺസർമാരുടെ അവകാശം അംഗീകരിക്കുമെന്ന് നേരത്തേ ഖത്തർ വാഗ്ദാനം നൽകിയിരുന്നതുമാണ്.
സ്റ്റേഡിയും പടുത്തുയർത്തുന്നതിനിടയിൽ 6,000 ഓളം കുടിയേറ്റ തൊഴിലാളികൾ മരണമടഞ്ഞതും, എൽ ജി ബി ടി അവകാശങ്ങൾ ലംഘിക്കപ്പെടുന്നതും അടക്കം നിരവധി വിവാദങ്ങളാണ് ഇത്തവണ ലോകകപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്നത്. അതിൽ ഏറ്റവും അവസാനത്തേതാണ് ഈ മദ്യ നിരോധനം. നേരത്തേ തന്നെ പ്രശസ്ത കൊമേഡിയൻ അലൻ ഡേവിസ് ഉൾപ്പടെയുള്ള പല സെല്ബ്രിറ്റികളും ഈ വർഷത്തെ ലോകകപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.