കൊച്ചി: എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്‌ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 26ന് രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.

2017-2018, 2021-22 സീസണുകളിൽ കേരളം കിരീടം നേടിയപ്പോൾ ഗോൾവല കാത്ത കണ്ണൂർ സ്വദേശി വി മിഥുനാണ് ക്യാപ്റ്റൻ. നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോട്ട് നടക്കും.

മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ കരുത്തരായ ബംഗാളിനെ വീഴ്‌ത്തി ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് പേരെയും 16 പുതുമുഖങ്ങളേയും അണിനിരത്തിയാണ് കേരള ടീം ഇറങ്ങുന്നത്.

വിനീഷ്, നരേഷ്, ജോൺ പോൾ എന്നിവരാണ് സ്ട്രൈക്കർമാർ. ടീം സന്തുലിതമാണെന്ന് പരിശീലകൻ പി ബി രമേശ് പറഞ്ഞു. മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലേയ്ക്കു ക്വാളിഫൈ ചെയ്യാമെന്നു പ്രതീക്ഷിക്കുന്നതായി മിഥുൻ പ്രതികരിച്ചു. പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും ഒരുമയുള്ള ടീമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശക്തരായ മിസോറാം, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നിവരെയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഡിസംബർ 26 മുതൽ ജനുവരി എട്ട് വരെയാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാൽ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിർണായകമാണ്.

ടീം അംഗങ്ങൾ

ഗോൾ കീപ്പർമാർ വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)

പ്രതിരോധം എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം (ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ന്മ മനോരമ)
മധ്യനിര ഋഷിദത്ത് (തൃശൂർ), എം. റാഷിദ്, റിസ്‌വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റം എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.