ബാർസിലോണ: അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർജന്റീന നായകൻ ലയണൽ മെസി തന്നെ അർഹനാകുമെന്ന് പോളണ്ട് താരം റോബോർട്ട് ലെവൻഡോവ്‌സ്‌കി. ഖത്തർ ലോകകപ്പ് നേടിയതോടെ മെസിയുടെ സാധ്യതകൾ ഇരട്ടിയായെന്നും താരം പറയുന്നു. പുരസ്‌കാര സാധ്യതകളെ പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കവെയാണ് ലെവൻഡോവ്‌സ്‌കി അഭിപ്രായവുമായി രംഗത്തെത്തിയത്. ലോകകപ്പ് അർജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ബാലൺ ഡി ഓർ നേടുമെന്ന ചോദ്യത്തിന് എംബപ്പയെ പിന്തള്ളി മെസി എട്ടാം ബാലൺ ഡി ഓർ നേടുമെന്നാണ് താരം പറഞ്ഞത്. ലോകകപ്പിന് മുമ്പ് ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 14 അസിസ്റ്റുകളുമുള്ള മെസി പുരസ്‌കാര സാധ്യതാ പട്ടികയിൽ ഒന്നാമതായുണ്ട്. ഫ്രാൻസ് താരം കിലിയൻ എംബപ്പെക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. ക്ലബ് തലത്തിൽ പിഎസ്ജിക്ക് വേണ്ടി മികച്ച ഫോമിലുള്ള മെസിക്ക് ലോകകപ്പ് നേട്ടത്തോടെ തന്റെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസി തന്നെയാണ് കൂടുതൽ തവണ നേടുന്ന താരവും.

വിരമിക്കുന്നതിന്റെ മുമ്പ് മെസിയുമൊത്ത് ഒരുതവണ കൂടി കളിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഫുട്‌ബോളിൽ എല്ലാം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണയാൾ. ഖത്തറിൽ സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിൽ തോറ്റപ്പോഴും അവർ തന്നെ കപ്പുയർത്തുമെന്ന് ഉറപ്പായിരുന്നു. ലോകകപ്പ് കിരീട നേട്ടം അദ്ദേഹം ആസ്വദിക്കുകയാണ്. ലെവൻഡോവ്സ്‌കി പറഞ്ഞു.

ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കുമെന്നും ലെവൻഡോവ്സ്‌കി അഭിപ്രായപ്പെട്ടു.ലോകകപ്പ് ഫൈനലിൽ രണ്ട് ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് മെസ്സി കാഴ്‌ച്ചവെച്ചത്.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും താരം സ്വന്തമാക്കിയിരുന്നു. ഇതോടെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ എംബാപ്പെയേക്കാൾ മുകളിലാണ് മെസ്സിയെന്നാണ് ലെവൻഡോവ്സ്‌കി പറയുന്നത്. ലോകകപ്പിൽ ലെവൻഡോവ്സ്‌കിയുടെ പോളണ്ട് അർജന്റീനയോട് രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. അതേസമയം ലോകകപ്പിൽ എട്ട് ഗോളുകളോടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം എംബാപ്പെ സ്വന്തമാക്കിയിരുന്നു. പിഎസ്ജിക്കായി 20 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് താരത്തിന് സ്വന്തമായുള്ളത്.

മെസിയെ തിരികെ ബാർസിലോണയിൽ എത്തിക്കണമെന്ന ആരാധകരുടെ മുറവിളികൾക്കിടെ മെസിക്കൊപ്പം പന്തുതട്ടണമെന്ന ആഗ്രഹം റോബർട്ട് ലെവൻഡോവ്‌സ്‌കി തുറന്നു പറഞ്ഞത്. വിരമിക്കുന്നതിനു മുൻപ് മെസിക്കൊപ്പം കളിക്കണമെന്നു പറഞ്ഞ സൂപ്പർ താരം മെസിയെ പോലൊരു പ്ലേമേക്കർക്കൊപ്പം പന്തു തട്ടുക എന്നത് ഏതൊരു സ്‌ട്രൈക്കറുടേയും സ്വപ്നമാണെന്നും പറഞ്ഞു.

ഖത്തർ ലോകകപ്പിൽ ഒരേ ഗ്രൂപ്പിലായിരുന്നു അർജന്റീനയും പോളണ്ടും. അവസാന ഗ്രൂപ്പ് മൽസരത്തിന് ശേഷം മെസിയും ലെവൻഡോവ്‌സ്‌കിയും സംസാരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2021ലാണ് ബാർസ വിട്ട് മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറിയത്.