- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് നേട്ടത്തോടെ പുതുവത്സരാഘോഷം; അർജന്റീനയിൽ പുതുവർഷത്തെ വരവേൽക്കാൻ ലയണൽ മെസി; പി എസ് ജിക്കൊപ്പം ചേരുന്നത് ജനുവരി മൂന്നിന് മാത്രം; ക്ലബ്ബുമായി കരാർ പുതുക്കാൻ ധാരണ; ഔദ്യോഗിക ചർച്ചകൾ ഉടൻ
പാരീസ്: ലോകകപ്പ് നേട്ടത്തിന് പിന്നാലെ എത്തുന്ന പുതുവർഷത്തെ അർജന്റീനയിലെ ജനങ്ങൾക്കൊപ്പം വരവേൽക്കാൻ ഒരുങ്ങി സൂപ്പർ താരം ലയണൽ മെസി. ക്ലബ്ബ് മത്സരങ്ങൾ തുടങ്ങുമെങ്കിലും ജനുവരി മൂന്നിന് തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം മെസി ചേരുമെന്നാണ് റിപ്പോർട്ട്. പുതുവർഷവും അർജന്റീനയിൽ തന്നെ ആഘോഷിച്ച ശേഷമാകും മെസി തിരികെ പാരീസിലെത്തുക.
ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയിൽ തന്റെ രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം ചേരാനായി മെസി പറന്നിരുന്നു. എന്തായാലും താരത്തിന് അതിവേഗം പാരീസിലേക്ക് മടങ്ങിയെത്താൻ താരത്തിന് ആഗ്രഹമില്ലെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി മൂന്നിന് പാരീസിൽ എത്തിയാൽ 11നുള്ള മത്സരത്തിലാകും മെസി പിഎസ്ജിക്കായി കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും ഇതിനകം ഫ്രാൻസ് താരം കിലിയൻ എംബാപ്പെ പിഎസ്ജിക്കൊപ്പം ചേർന്നു കഴിഞ്ഞു. ഫ്രഞ്ച് ക്ലബ് പാരിസ് ജർമ്മനുമായുള്ള കരാർ പുതുക്കാൻ അർജന്റീന നായകൻ ലയണൽ മെസി വാക്കാൽ ധാരണയായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ക്ലബ് ഭാരവാഹികളും മെസിയും തമ്മിൽ കരാർ സംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ചകൾ ഉടൻ നടക്കും.
പിഎസ്ജിയുമായുള്ള ലിയോണൽ മെസ്സിയുടെ രണ്ട് വർഷ കരാർ ഈ സീസണിനൊടുവിൽ അവസാനിക്കും. കരാർ നീട്ടാൻ ക്ലബ് ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാം ലോകകപ്പിന് ശേഷം പറയാമെന്നായിരുന്നു മെസിയുടെ ഇതുവരെയുള്ള പ്രതികരണം.
ലോകകപ്പെന്ന തന്റെ ഏറ്റവും വലിയ സ്വപ്നം മെസ്സി സാക്ഷാത്കരിച്ച മെസിക്ക് മുന്നിലുള്ള വലിയ ചോദ്യം അടുത്ത സീസണിൽ ഏത് ക്ലബിലേക്കെന്നുള്ളതാണ്. പി എസ് ജിയിൽ ഒരു വർഷം കൂടി തുടരാൻ മെസിയും ക്ലബ്ബും വാക്കാൽ ധാരണയിലെത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെയ്മറെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന എംബാപ്പെയുടെ ആവശ്യത്തോട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മെസിയെയും കിലിയൻ എംബാപ്പെയെയും പി എസ് ജിയിൽ നിലനിർത്തണമെന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖെലൈഫി വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ മികച്ച താരം, മികച്ച ഗോൾനേട്ടക്കാരൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ് ഇരുവരും. മെസിയും എംബാപ്പെയും ക്ലബ്ബിൽ തുടരുമെന്നാണ് പ്രതീക്ഷ. മെസിയെ കുറിച്ച് കൂടുതൽ ഇപ്പോൾ പറയുന്നില്ലെന്നും, സൂപ്പർതാരവുമായി സംസാരിക്കാൻ ഒരുങ്ങുകയാണെന്നും പി എസ് ജി പ്രസിഡന്റ് വ്യക്തമാക്കി.
സ്പോർട്സ് ഡെസ്ക്