- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഗുഡ്ബൈ പറഞ്ഞ് അച്ഛനു പിന്നാലെ മകനും; ഇംഗ്ലീഷ് ക്ലബ്ബിന്റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ ജൂനിയറും; നാലു വർഷത്തിന് ശേഷം റയൽ മാഡ്രിഡിലേക്ക്
മാഡ്രിഡ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മകൻ ക്രിസ്റ്റ്യാനോ ജൂനിയറും. മാഞ്ചസ്റ്റർ യൂത്ത് അക്കാദമി താരമായിരുന്ന ജൂനിയർ ക്രിസ്റ്റ്യാനോ റൊണാൾഡോ നാലു വർഷത്തിന് ശേഷം റയൽ മാഡ്രിഡ് യൂത്ത് അക്കാദമയിൽ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷം മുമ്പ് ക്രിസ്റ്റ്യാനോ യുവന്റസിൽനിന്ന് മാഞ്ചസ്റ്ററിൽ എത്തിയപ്പോഴാണ് മകനും ഓൾഡ് ട്രാഫോഡിൽ എത്തിയത്. എന്നാൽ, ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്ററും തമ്മിലുള്ള ബന്ധം മോശമാകുകയും താരം ടീം വിടുകയും ചെയ്തതോടെയാണ് മകനും ഇംഗ്ലീഷ് വമ്പന്മാരുടെ യൂത്ത് അക്കാദമിയോട് വിടചൊല്ലുന്നത്.
നേരത്തെ റയൽ മാഡ്രിഡ് അക്കാദമിക്ക് വേണ്ടി അണ്ടർ 14 വിഭാഗത്തിൽ 20 കളിയിൽ 50 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട് ജൂനിയർ റൊണാൾഡോ. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പിതാവിനെ പിന്തുടരുകയാണ് മകന്റെയും ലക്ഷ്യം. 438 കളിയിൽ റയലിനായി ബൂട്ടണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 450 ഗോളും 131 അസിസ്റ്റുമുണ്ട്.
2018-ൽ റൊണാൾഡോ റയൽ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് പോയതോടെയാണ് ക്രിസ്റ്റ്യാനോ ജൂനിയറും റയലിന്റെ യൂത്ത് അക്കാദമി വിട്ടത്. പിന്നീട് യുണൈറ്റഡിന്റെ അക്കാദമിയിൽ ചേരുകയായിരുന്നു.
അടുത്തിടെ റൊണാൾഡോ, പിയേഴ്‌സ് മോർഗനു നൽകിയ ഒരു അഭിമുഖമാണ് യുണൈറ്റഡും താരവും തമ്മിലുള്ള ബന്ധം വഷളാക്കിയത്. താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും ചിലർക്ക് തന്നെ യുണൈറ്റഡിൽ ആവശ്യമില്ലെന്നും താരം തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെ റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിക്കാൻ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്