- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐതിഹാസിക കരിയറിൽ ആദ്യമായി യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേർന്ന് പോർച്ചുഗൽ ഇതിഹാസം; ഏകദേശം 1,950 കോടി രൂപ വാർഷിക പ്രതിഫലം; ഇനി മഞ്ഞയും നീലയും ചേർന്ന അൽ നസർ ജേഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോ; റൊണാൾഡോ റിയാദിൽ ഇറങ്ങി; ആവേശ സ്വീകരണം; സൗദി ഫുട്ബോളിന്റെ പ്രതീക്ഷകൾ വാനോളം
റിയാദ്: മഞ്ഞയും നീലയും ചേർന്ന അൽ നസർ ജേഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനി മുതൽ ലോകം കണ്ടുതുടങ്ങും. സൂപ്പർതാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് അൽ നസർ ക്ലബ്ബ്. റൊണാൾഡോ സൗദിയിൽ എത്തി കഴിഞ്ഞു. പോർച്ചുഗൽ താരത്തിന്റെ വരവ് സൗദി ഫുട്‌ബോളിന് പുതിയ ആവേശമാണ്.
റെക്കോർഡ് തുകയ്ക്കാണ് അൽ നസർ റൊണാൾഡോയെ സ്വന്തമാക്കിയത്. നേരത്തേ മാഞ്ചെസ്റ്റർ യുണൈറ്റഡ് അധികൃതരുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് താരം ക്ലബ്ബ് വിട്ട് സൗദിയിൽ എത്തിയത്. ഇത് ഏഷ്യൻ ഫുട്‌ബോളിനും കരുത്താകും. സൗദിയിലെ ഫുട്‌ബോൾ നിലവാരവും ഉയരും. അടുത്ത ലോകകപ്പിൽ അത്ഭുതങ്ങൾ സൗദി ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമാണ് റൊണാൾഡോയുടെ വരവും. സൗദി അറേബ്യൻ ക്ലബായ അൽ നസറുമായി കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് താരം പുറപ്പെട്ടത്. രാത്രി 11 മണിയോടെ അദ്ദേഹം റിയാദിൽ വിമാനമിറങ്ങി.
കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിലാണ് താരം റിയാദിൽ ഇറങ്ങിയത്. റിയാദിലെ മൻസൂർ പാർക്കിൽ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഏകദേശം 1,950 കോടി രൂപയ്ക്കാണ് താരത്തിന് ക്ലബ് നൽകുന്ന വാർഷിക പ്രതിഫലം. രണ്ടര വർഷത്തെ കരാറിലാണ് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഒപ്പിട്ടത്. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റിയാനോ. പിഎസ്ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യൺ ഡോളറാണ്.
'ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ സ്വീകരണ പരിപാടി. ചൊവ്വാഴ്ച അൽ നസർ ആരാധകർക്ക് അവരുടെ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലഭിക്കും.'- ക്ലബ്ബ് കുറിച്ചു. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ പ്രതികരണവും ക്ലബ്ബ് വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'വേഗം കാണാം, നസർ ഫാൻസ്' എന്നാണ് വീഡിയോയിൽ ക്രിസ്റ്റ്യാനോ പറയുന്നത്. ഏഷ്യൻ മണ്ണിൽ പന്തുതട്ടാനൊരുങ്ങുന്ന റൊണാൾഡോയെ ലോകമൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്.
അതേസമയം, അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. റൊണാൾഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിൽ റൊണാൾഡോ കുറ്റക്കാരനെന്ന്കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയത്. നവംബറിൽ എവർട്ടണെതിരായ മത്സരശേഷം മടങ്ങവെ സെൽഫിയെടുക്കാനായി ഫോൺ നീട്ടി ആരാധകന്റെ കൈയിൽ നിന്ന് ഫോൺ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാൾഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എ (ഫുട്ബോൾ അസോസിയേഷൻ) ചുമത്തിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു റൊണാൾഡയുടെ രോഷപ്രകടനം.
പ്രീമിയർ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ വിലക്ക് ബാധകമായിരുന്നില്ല. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസറിന്റെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാൾഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ നസറിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിന്നാലെ ക്ലബ്ബിന്റെ വിപണിമൂല്യവും കുതിച്ചുയർന്നു. അൽ നസർ ക്ലബ്ബിന്റെ എല്ലാ സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. താരത്തിന്റെ ജേഴ്സി വാങ്ങാനും വൻ തിരക്കാണ്.
ക്രിസ്റ്റ്യാനോ അൽ നസർ ജേഴ്സിയുമായി നിൽക്കുന്ന ചിത്രങ്ങളും ക്ലബ്ബിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പറത്തു വന്നിരുന്നു. 2025 വരെയായിരിക്കും കരാറെന്നാണ് റിപോർട്ടുകൾ. അൽനാസറിൽ തന്റെ മെഡിക്കൽ പൂർത്തിയാക്കുന്നതിനായി സൗദി അറേബ്യയിലേക്ക് വിമാനത്തിൽ പോകുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തു. ചിത്രം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ പങ്കിട്ടിരുന്നു. ''ഹായ് ഗയ്സ്, ഉടൻ കാണാം.' എന്ന് റൊണാൾഡോ പറയുന്നതും കണ്ണിറുക്കുന്നതും ക്യാമറയിലേക്ക് ചൂണ്ടി പറയുന്നതും വീഡിയോയിൽ കാണാം. ചൊവ്വാഴ്ച തന്നെ റൊണാൾഡോ മെഡിക്കൽ വൈദ്യപരിശോധനയ്ക്ക് വിധേയനാകും. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് മിസോൾ പാർക്കിൽ നടന്ന ചടങ്ങിൽ 'ക്രിസ്റ്റ്യാനോ മഞ്ഞയാണ്' എന്ന അടിക്കുറിപ്പോടെ അൽ നാസർ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു.
ക്ലബ്ബിനായി കളിക്കുന്നതിന് പുറമെ ചില പരസ്യ കരാറുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സൗദി ക്ലബ്ബിനൊപ്പം ചേർന്നതോടെ ക്രിസ്റ്റ്യാനോയുടെ യൂറോപ്യൻ ഫുട്ബോൾ ബന്ധത്തിന് അവസാനമായിരിക്കുകയാണ്. ഐതിഹാസിക കരിയറിൽ ആദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേരുന്നത്. പിയേഴ്സ് മോർഗനുമായുള്ള ടിവി അഭിമുഖത്തെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ക്രിസ്റ്റ്യാനൊ അവസാനിപ്പിച്ചിരുന്നു. യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോയെ തുടർച്ചയായി ബഞ്ചിലിരുത്തിയിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.
മറുനാടന് ഡെസ്ക്