- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുണൈറ്റഡിലെ മോശം പെരുമാറ്റം തിരിച്ചടിയായി; അൽ നാസറിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം വൈകും; കനത്ത മഴയിൽ മത്സരം തന്നെ മാറ്റിവച്ചു; ആരാധകരോട് ക്ഷമ ചോദിച്ച് ക്ലബ്ബ് അധികൃതർ
റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറിയ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് അൽ തായി ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന മത്സരം സൂപ്പർ താരത്തിന് നഷ്ടമാവും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച് കൊണ്ടിരിക്കെ മോശം പെരുമാറ്റത്തിന് ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന് വിനയായത്.
ക്രിസ്റ്റ്യാനോ ടീമിൽ എത്തിയതോടെ സൗദി ക്ലബ് വിദേശ കളിക്കാർക്കുള്ള ക്വാട്ട കവിഞ്ഞതും താരത്തിന് തിരിച്ചടിയായി എന്നാണ് വിവരം. ക്ലബ് വൃത്തങ്ങൾ വ്യാഴാഴ്ച എഎഫ്‌പിയോട് ഈ കാര്യങ്ങൾ വ്യക്തമാക്കി.
2025 ജൂൺ വരെയുള്ള കരാറിൽ 200 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ അൽ നാസറിന്റെ ഒമ്പതാമത്തെ വിദേശ കളിക്കാരനായി സൗദിയിൽ എത്തിയത്. സൗദി ഫുട്‌ബോൾ അസോസിയേഷൻ ഒരു ടീമിൽ അനുവദിച്ച വിദേശ കളിക്കാരുടെ എണ്ണം എട്ടാണ്.
ഒരു വിദേശ കളിക്കാരന്റെ ഒഴിവില്ലാത്തതിനാൽ അൽ നാസർ ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ക്ലബ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. ഒരു വിദേശ കളിക്കാരൻ റൊണാൾഡോയ്ക്ക് പകരമായി പുറത്ത് പോകേണ്ടി വരും. അതിനായി വിദേശ കളിക്കാരൻ കരാർ പരസ്പര സമ്മതത്തോടെയോ, അല്ലെങ്കിൽ ക്ലബ് റദ്ദാക്കുകയോ ചെയ്യണം
അൽ നാസറിന്റെ വിദേശ സംഘത്തിൽ കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിന, ബ്രസീലിയൻ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ, മുന്നേറ്റക്കാരായ ബ്രസീലിന്റെ ആൻഡേഴ്‌സൺ ടാലിസ്‌ക, കാമറൂണിന്റെ വിൻസെന്റ് അബൂബക്കർ എന്നീ താരങ്ങൾ ഉൾപ്പെടുന്നു. ഉസ്ബെക്ക് മിഡ്ഫീൽഡർ ജലോലിദ്ദീൻ മഷാരിപോവ് ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി സ്ഥാനം ഒഴിയും എന്നാണ് ചില സൗദി മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം അൽ നാസറിന്റെ മത്സരം തന്നെ മാറ്റിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. മത്സരം മാറ്റിവച്ചത് സംബന്ധിച്ച് അൽ നാസർ ക്ലബ് തന്നെ ട്വീറ്റ് ചെയ്തു. ''കനത്ത മഴയും കാലാവസ്ഥയും സ്റ്റേഡിയത്തിലെ വൈദ്യുതിയെ ബാധിച്ചതിനാൽ, അൽ തായ്ക്കെതിരായ ഇന്നത്തെ മത്സരം 24 മണിക്കൂർ മാറ്റിവച്ചതായി ഞങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ആരാധകർക്ക് ഉണ്ടായ എന്തെങ്കിലും അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു' - ക്ലബിന്റെ ട്വീറ്റ് പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 9 ന് എവർട്ടണെതിരെ നടന്ന മത്സരത്തിൽ യുണൈറ്റഡിന്റെ പരാജയത്തിന് ശേഷം ക്രിസ്റ്റ്യാനോ ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു. എവർട്ടന്റെ തട്ടകമായ ഗുഡിസൺ പാർക്കിൽ വച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ 1-0 നാണ് പരാജയമേറ്റു വാങ്ങിയത്.
മത്സര ശേഷം എവർട്ടൻ ആരാധകന്റെ പ്രകോപനത്തിൽ ക്ഷുഭിതനായ റോണോ ആരാധകന്റെ കയ്യിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു. ഇതേ തുടർന്ന് മോശം പെരുമാറ്റത്തിന് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ നവംബറിലാണ് റോണോക്കെതിരെ നടപടിയെടുത്തത്. താരത്തിന് രണ്ട് മത്സരത്തിൽ വിലക്കും 50,000 പൗണ്ട് പിഴയും ചുമത്തി. സംഭവത്തിൽ റോണോ പിന്നീട് ക്ഷമാപണംനടത്തി. റോണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്ത് പോയെങ്കിലും താരത്തിനെതിരായ നടപടി നിലനിൽക്കും.