ബാഴ്സലോണ: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. ബാഴ്സലോണയിലെ നൈറ്റ് ക്ലബിൽ വെച്ച് കഴിഞ്ഞ ഡിസംബറിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വെള്ളിയാഴ്ചയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.

ബാഴ്സലോണ പൊലീസ് സ്റ്റേഷനിൽ നിന്ന് 39 കാരന് സമൻസയക്കുകയായിരുന്നുവെന്നും ജഡ്ജിയുടെ നേതൃത്വത്തിൽ താരത്തെ ചോദ്യം ചെയ്യുമെന്നും കാറ്റലോണിയയിലെ പ്രാദേശിക പൊലീസ് സേന വക്താവ് മോസ്സസ് ഡി എസ്‌ക്വാഡ്ര അറിയിച്ചു. ഡാനി ആൽവസ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 31ന് ബാഴ്സലോണയിലെ ഒരു നൈറ്റ് ക്ലബിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം എന്നാണ് പൊലീസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഡാനിയെ വിചാരണയ്ക്കായി ബാഴ്സലോണയിലെ കോടതിയിൽ ഹാജരാക്കും. എന്നാൽ തനിക്കെതിരായ ലൈംഗികാരോപണങ്ങൾ ഡാനി ആൽവസ് നിഷേധിച്ചിട്ടുണ്ട്. 'സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാൻ ഡാൻസ് ഇഷ്ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാൻ ഡാൻസ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല' എന്നുമാണ് ഡാനി ആൽവസിന്റെ പ്രതികരണമായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബർ 30-31 അർധ രാത്രിയിലാണ് സംഭവം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറിൽ നടന്ന ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിച്ച ശേഷം ബാഴ്സലോണയിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. താരത്തിനെതിരെയുള്ള കേസിൽ അന്വേഷണം തുടങ്ങിയതായി ഈ മാസം ആദ്യത്തിൽ ബാഴ്സലോണ കോടതി അറിയിച്ചിരുന്നു.

ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആൽവസ്. ബ്രസീൽ കുപ്പായത്തിലും വിവിധ ക്ലബുകളിലുമായി ആൽവസ് 43 കിരീടങ്ങളുയർത്തി. ബാഴ്സലോണ, യുവന്റസ്, പിഎസ്ജി, സെവിയ്യ തുടങ്ങിയ വമ്പൻ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ബ്രസീലിയൻ താരം ഇപ്പോൾ മെക്സിക്കൻ ക്ലബ് പ്യൂമാസിനായാണ് ബൂട്ടണിയുന്നത്.

എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ളയാളാണ് ഡാനി ആൽവസ്. ബ്രസീൽ ദേശീയ ടീമിനായി 126 മത്സരങ്ങളിൽ എട്ട് ഗോളുകൾ നേടി. ഖത്തറിൽ അവസാനിച്ച ഫുട്‌ബോൾ ലോകകപ്പിൽ കാമറൂണിനെതിരായ മത്സരത്തിൽ ആൽവസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയൻ എന്ന നേട്ടം ഇതോടെ ഡാനി ആൽവസ് സ്വന്തമാക്കിയിരുന്നു.