റിയാദ്: സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസറിന്റെ കനത്ത തോൽവിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ അൽ ഇതിഹാദ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു തോൽപിച്ചത്. മത്സര ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴാണ് 'മെസ്സി, മെസ്സി' എന്ന് ചാന്റ് ചെയ്ത് ആരാധകർ റൊണാൾഡോയെ പരിഹസിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

അൽ നസ്‌റിനായുള്ള രണ്ടാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. റൊമാരീഞ്ഞോയുടെ ഗോളിൽ മുന്നിലെത്തിയ അൽ ഇത്തിഹാദിനെതിരെ സമനില ഗോൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സുവർണാവസരം ലഭിച്ചിരുന്നെങ്കിലും ഗോളാക്കാനായില്ല. പിന്നീട് ഏതാനും അവസരങ്ങൾ കൂടി റൊണാൾഡോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

റൊമാരീഞ്ഞോക്ക് പുറമെ, അബ്ദുറസാഖ് ഹംദള്ള, മുഹന്നദ് അൽ ഷഖീറ്റി എന്നിവരാണ് അൽ ഇത്തിഹാദിന്റെ ഗോളുകൾ നേടിയത്. ആൻഡേഴ്‌സൻ ടാലിസ്‌കയുടെ വകയായിരുന്നു അൽ നസറിന്റെ ആശ്വാസ ഗോൾ.

മത്സരശേഷം മുടന്തിയാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. അൽ ഇതിഹാദ് ടീമിലെ പ്രതിരോധ താരത്തിന്റെ ടാക്കിളിനിടെയാണു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പരുക്കേറ്റതെന്നാണു വിവരം. താരം അടുത്ത മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. താരത്തിന് പരിക്കേറ്റെന്ന വാർത്ത ആശങ്കയോടെയാണ് സി ആർ 7 ആരാധകർ നോക്കിക്കാണുന്നത്.

67ാം മിനിറ്റിൽ ബ്രസീൽ താരം ടലിസ്‌കയാണ് അൽ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. റൊമാരിഞ്ഞോ (15ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരുടെ ഗോളുകളിലൂടെ അൽ ഇതിഹാദ് മുന്നിലെത്തി. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിലും ഗോൾ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റെക്കോർഡ് തുകക്ക് അൽ നസ്‌റിലെത്തിയശേഷം ക്ലബ്ബിനായി റൊണാൾഡോ കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്. കഴിഞ്ഞ ആഴ്ച മെസിയും എംബാപ്പെയും നെയ്മറും ഉൾപ്പെടുന്ന പി എസ് ജിയുമായുള്ള സൗഹൃദ മത്സരമായിരുന്നു റൊണാൾഡോയുടെ ആദ്യ മത്സരം. പി എസ് ജിക്കെതിരായ സൗഹൃദ പോരാട്ടത്തിൽ 4-5ന് തോറ്റെങ്കിലും രണ്ട് ഗോളടിച്ച് റൊണാൾഡോ തിളങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് സൗദി പ്രൊലീഗിൽ അൽ ഫത്തേയുമായാണ് അൽ നസറിന്റെ അടുത്ത മത്സരം.