- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൗളിൽ നിലത്തുവീണ് ബാഴ്സ താരം ഡിയോങ്; ദേഹത്തേക്ക് പന്ത് ആഞ്ഞടിച്ച് ബ്രൂണോ ഫെർണാണ്ടസ്; യൂറോപ്പ ലീഗിലെ ബാഴ്സ-യുണൈറ്റഡ് മത്സരത്തിനിടെ കയ്യാങ്കളി; മഞ്ഞക്കാർഡ്; ഒടുവിൽ യുണൈറ്റഡിന് ജയം
മാഞ്ചസ്റ്റർ:യൂറോപ്പ ലീഗ് ഫുട്‌ബോളിൽ ബാഴ്സലോണ - മാഞ്ചെസ്റ്റർ യുണൈറ്റഡ് രണ്ടാം പാദ മത്സരത്തിനിടെ താരങ്ങൾ തമ്മിൽ കയ്യാങ്കളി. യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസാണ് മത്സരം തടസ്സപ്പെടുത്തിയ സംഘർഷത്തിന് വഴിവച്ചത്.
യുണൈറ്റഡ് താരം ആരോൺ വാൻ-ബിസാക്കയുടെ ഫൗളിൽ ബാഴ്സ താരം ഫ്രെങ്കി ഡിയോങ് നിലത്ത് വീണു. ഈ സമയം പന്ത് നേരേ പോയത് അടുത്തുണ്ടായിരുന്ന ബ്രൂണോ ഫെർണാണ്ടസിന്റെ കാലിലേക്കായിരുന്നു. പന്ത് പാസ് ചെയ്യുന്നതിനോ ക്ലിയർ ചെയ്യുന്നതിനോ പകരം ബ്രൂണോ അത് ഡിയോങ്ങിന്റെ ദേഹത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു.
പന്തുകൊണ്ട ഡിയോങ് മൈതാനത്ത് വേദനകൊണ്ട് പുളഞ്ഞു. ഇതോടെ ഇരു ടീമിലെയും താരങ്ങൾ കളിക്കളത്തിൽ നേർക്കുനേർ വന്നു. താരങ്ങൾ തമ്മിൽ കുറച്ച് സമയം ഉന്തും തള്ളുമുണ്ടായി. സംഭവത്തിൽ ബ്രൂണോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. അൽപനേരം നീണ്ടുനിന്ന വാഗ്വാദം അവസാനിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്.
രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് യുണൈറ്റ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. നേരത്തെ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപനൗവിൽ ആദ്യ പാദത്തിൽ ഇരുടീമും രണ്ടുഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
ഇന്നലെ ഓൾഡ് ട്രാഫോർഡിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി ഗോളിൽ ബാഴ്‌സയാണ് ആദ്യം ലീഡ് എടുത്തത്.അലജാന്ദ്രോ ബാൾഡെയെ ബ്രൂണോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത ലെവൻഡോവ്‌സ്‌കിക്ക് പിഴച്ചില്ല.ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി ഗ്രൗണ്ട് വിട്ട ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ടാണ് യുണൈറ്റഡ് രണ്ടാം പകുതി തുടങ്ങിയത്.
രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ബ്രസീലിയൻ താരങ്ങളായ ഫ്രഡും ആന്തണിയുമാണ് യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ാം മിനിറ്റിൽ ഫ്രെഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തി.ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ഫ്രെഡ് ബാഴ്‌സ വല ചലിപ്പിച്ചത്. 73ാം മിനിറ്റിലായിരുന്നു ആന്തണിയുടേയും വിജയ ഗോൾ. മത്സരത്തിൽ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നിട്ടും സ്പാനിഷ് ലീഗിലെ വിജയക്കുതിപ്പ് തുടരാൻ ഓൾ ട്രാഫോർഡിൽ ബാഴ്‌സക്കായില്ല.
തോറ്റെങ്കിലും യൂറോപ്യൻ പോരാട്ടങ്ങളിൽ മികച്ച പ്രകടനം നടത്താൻ ബാഴ്‌സക്കാവുമെന്ന് ഈ മത്സരം തെളിയിച്ചുവെന്നും അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്നും ബാഴ്‌സ പരിശീലകൻ സാവി മത്സര ശേഷം പറഞ്ഞു. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ലീഗുകളിൽ മികവ് കാട്ടാനായില്ലെന്നും എന്നാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ അടക്കം മികച്ച പ്രകടനം നടത്താനാവുമെന്നും സാവി പറഞ്ഞു. കോപ ഡെൽ റേയും സ്പാനിഷ് ലീഗ് കിരീടവുമാണ് ഈ സീസണിൽ ബാഴ്‌സ ലക്ഷ്യംവെക്കുന്ന കിരീടങ്ങളെന്നും സാവി പറഞ്ഞു.
സ്പോർട്സ് ഡെസ്ക്