കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഹോം ഗ്രൗണ്ടിലെത്തിയ ടീമിന്റെ ബ്രാൻഡ് അംബാസിഡറും ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ ആർപ്പുവിളിയോടെ വരവേറ്റ് ആരാധകർ. ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാണ് താരം കലൂർ സ്റ്റേഡിയത്തിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെയാണ് സഞ്ജുവിനെ തെരഞ്ഞെടുത്തിരുന്നു.

ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലയിങ് ഇലവൻ പുറത്തുവിട്ടതും സഞ്ജുവായിരുന്നു. എന്നാൽ ഹോംഗ്രൗണ്ടിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാംപ്യന്മാരായ ഹൈദരബാദിന്റെ ജയം.

മത്സരത്തിന് മുമ്പ് ഗ്രൗണ്ടിലെത്തിയ സഞ്ജു കാണികളെ അഭിവാദ്യം ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയാണിഞ്ഞാണ് സഞ്ജുവെത്തിയത്. കാണികൾ താരത്തിനായി ആർപ്പുവിളിച്ചു. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

സഞ്ജു അടുത്തതായി കളിക്കുന്ന ടൂർണമെന്റും ഐപിഎല്ലാണ്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.

ആദ്യ പാതിയിൽ ബോർജ ഹെരേയാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്. പ്രാഥമിക ലീഗിലെ അവസാന മത്സരമായിരുന്നിത്. അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നു. 20 മത്സരങ്ങളിൽ 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഇത്രയും മത്സരങ്ങളിൽ 42 പോയിന്റുള്ള ഹൈദാബാദ് രണ്ടാം സ്ഥാനത്താണ്.