കൊൽക്കത്ത: മ്യാന്മറും കിർഗിസ്താനും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന ഇന്ത്യൻ ഫുട്ബാൾ ടീം ക്യാമ്പിനായുള്ള സ്‌ക്വാഡിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചത്.

ടീമിൽ മലയാളി താരങ്ങളാരും ഇടംനേടിയില്ല. പട്ടികയുടെ റിസർവ് നിരയിൽ ഇടംനേടിയ സഹൽ അബ്ദുസ്സമദ് മാത്രമാണ് സ്‌ക്വാഡിലെ ഒരേയൊരു മലയാളി സാന്നിധ്യം. മാർച്ച് 22 മുതൽ 28 വരെ ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിലാണ് ത്രിരാഷ്ട്ര പരമ്പര. മ്യാന്മറും കിർഗിസ്താനുമാണ് മറ്റു ടീമുകൾ.

കൊൽക്കത്തയിൽ നടക്കുന്ന അഞ്ച് ദിവസത്തെ പരിശീലന ക്യാമ്പിനുശേഷമാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക. സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 23 താരങ്ങളിൽ 14 പേരും ബുധനാഴ്ച ക്യാമ്പിലെത്തും. ഒമ്പത് താരങ്ങൾ ഐ.എസ്.എൽ ഫൈനൽ കളിക്കുന്ന ബംഗളൂരു-എ.ടി.കെ മോഹൻ ബഗാൻ ടീമിൽ കളിക്കുന്നവരാണ്. ഫൈനലിനുശേഷമേ അവർ ടീമിന്റെ ഭാഗമാകു.

23 അംഗ സ്‌ക്വാഡിന് പുറമേ 11 കളിക്കാരുടെ റിസർവ് പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. മെയിൻ ലിസ്റ്റിലുള്ള താരങ്ങളിൽ ആർക്കെങ്കിലും പരിക്ക് പറ്റുകയോ മറ്റ് അസൗകര്യങ്ങളോ ഉണ്ടാകുകയാണെങ്കിൽ മാത്രമേ ഇവരെ ക്യാമ്പിലേക്ക് വിളിക്കുകയുള്ളൂ. ഹീറോ ഐ.എസ്.എൽ ഫൈനലിനുശേഷം മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കു.