- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളി പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവം; കേരള ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപ പിഴ; കോച്ച് ഇവാന് പത്ത് കളികളിൽ വിൽക്കും അഞ്ച് ലക്ഷം പിഴയും; കോച്ചും ടീമും പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിലൽ പിഴത്തുക വരും
ന്യൂഡൽഹി: ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ കളി പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപ പിഴയിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് കോടികൾ പിഴവിധിച്ചത്. പിഴകൂടാതെ പരസ്യമായി ക്ഷമാപണം നടത്താനും എഐഎഫ്എഫ് അച്ചടക്ക സമിതി നിർദ്ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കിൽ ആറു കോടി രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എൽ ഫുട്‌ബോൾ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട പരിശീലകനും താരങ്ങളും ഇതോടെ മുട്ടൻ പണിയാണ് വാങ്ങിയിരിക്കുന്നത്.
ബെംഗളൂരുവിന് വേണ്ടി സുനിൽ ഛേത്രി ഗോൾ നേടിയതിന് പിന്നാലെയാണ് താരങ്ങൾ കളി പൂർത്തിയാക്കാതെ കളം വിട്ടത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചാണ് കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ചത്. അതിനാൽ ഇവാൻ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. പത്ത് ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദ്ദേശം. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാനും ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്.
താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതു ലോകഫുട്‌ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു. കഴിഞ്ഞ മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരമാണ് വിവാദമായത്. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽനിന്നു ഗോൾ നേടിയതിനു പിന്നാലെ, ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുക്കൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.
ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ മത്സരത്തിലായിരുന്നു ഇത്. അന്നു കളം വിട്ട മോഹൻ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.