- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടതിൽ അച്ചടക്ക നടപടി; അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫിൽ വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ കളം വിട്ട സംഭവത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരേ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയിലാണ് ക്ലബ് അപ്പീൽ നൽകിയിരിക്കുന്നത്.
ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷൻ വിധിച്ചത്. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്.
വിഷയത്തിൽ പൊതുക്ഷമാപണം നടത്താൻ ക്ലബ്ബിനോടും പരിശീലകനോടും നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ രണ്ടാം തീയതി ക്ലബ്ബും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ ക്ലബ്ബിന് സംഭവത്തിൽ അപ്പീൽ നൽകാൻ അവസരം കിട്ടിയത്.
മാർച്ച് മൂന്നിന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എൽ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഗോൾരഹിതമായ 90 മിനിറ്റുകൾക്ക് ശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു.
96-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോൾകീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനിൽ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറാകും മുൻപാണു കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ അത് അംഗീകരിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്