റിയാദ്: ഫുട്‌ബോൾ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി പ്രോ ലീഗ് ക്ലബ് അൽ നസർ താരമായ റൊണാൾഡോ ടീം വിടാൻ ഒരുങ്ങുന്നതായാണ് സൂചന. പുതിയ ക്ലബ്ബിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായതും ക്ലബ്ബിന്റെ മോശം പ്രകടനവും മൂലമാണ് താരം ക്ലബ് വിടാൻ ആലോചിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ എൽ നാഷനൽ റിപ്പോർട്ട് ചെയ്തു. സൗദിയിൽ ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടും സൂപ്പർ താരത്തെ അലട്ടുന്നുണ്ടെന്നാണു വിവരം.

അൽ നസർ ക്ലബിന്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യ വിട്ടാൽ താരം റയൽ മഡ്രിഡിലേക്കു മടങ്ങാനാണു സാധ്യത. മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റയൽ മാഡ്രിഡിലെ സുപ്രധാന ചുമതലയാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരസ് ക്രിസ്റ്റ്യാനോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ബെർണബു സ്റ്റേഡിയത്തിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങുകയാണെങ്കിൽ അത് ഫുട്‌ബോൾ കളിക്കാരനായാവില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റയലിന്റെ അംബാസഡർ സ്ഥാനത്തേക്കാണ് റൊണാൾഡോയെ പരിഗണിക്കുന്നത്.

ഈ ഓഫർ റൊണാൾഡോ സ്വീകരിച്ചാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫുട്‌ബോൾ താരം ബൂട്ട് ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണാനാവുകയെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫ്രെബ്രുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾ 38 വയസ് പൂർത്തിയാക്കിയത്. 800ൽ അധികം ഗോൾ നേട്ടവുമായുള്ള കരിയർ അവസാനിപ്പിക്കുകയെന്നത് അവസാന പരിഗണനയിലുള്ള കാര്യമാകുമെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. റിയാദ് അടിസ്ഥാനമായുള്ള അൽ നസർ ക്ലബ്ബിൽ ചേർന്നതിന് പിന്നാലെ 14 മത്സരങ്ങളിൽ നിന്നായി 11 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡിലെ മാനേജർ എറിക് ടെൻ ഹാഗുമായി തുടർച്ചയായി ഉണ്ടായ ഉരസലുകൾക്ക് പിന്നാലെ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ അൽ നസറിലെത്തിയത്.

കഴിഞ്ഞ ദിവസം മത്സരത്തിനുശേഷം മടങ്ങവെ സ്വന്തം ടീമിന്റെ പരിശീലകരോടു റൊണാൾഡോ ദേഷ്യപ്പെട്ടിരുന്നു. പരിശീലകരോടു താരം തർക്കിക്കുന്ന വിഡിയോയും പുറത്തുവന്നു. കളി കഴിഞ്ഞു മടങ്ങവെ ആരാധകർക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതും റൊണാൾഡോയ്‌ക്കെതിരെ സൗദിയിൽ ആരാധക രോഷം ഉയർത്തി. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര്, എതിർ ടീമിന്റെ ആരാധകർ റൊണാൾഡോയ്ക്കു നേരെ ചാന്റ് ചെയ്തതോടെയാണ് താരം അശ്ലീല ആംഗ്യം കാണിച്ചത്. റൊണാൾഡോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗദിയിലെ അഭിഭാഷകൻ അധികൃതർക്ക് പരാതി നൽകിയിരുന്നു.