ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളോട് അറബി നാട്ടിലെ ശതകോടീശ്വർന്മാർക്കുള്ള പ്രിയം ഇതിനു മുൻപും വെളിപ്പെട്ടിട്ടുള്ളതാണ്. ഈ ഫുട്ബോൾ പ്രണയ കഥയിൽ എഴുതിച്ചേർക്കാൻ മറ്റൊരു ഏടുകൂറ്റി. ഖത്തർ രാജകുമാരൻ ഷേയ്ഖ് ജാസ്സിം ബിൻ ഹമാദ് അൽ താനി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസാനമായി വാഗ്ദാനം ചെയ്തിരിക്കുന്ന 5 ബില്യൺ പൗണ്ടാണ്.

ഇന്നലെ രാത്രിയായിരുന്നു ഈ പുതിയ ഓഫർ സമർപ്പിച്ചത്. അതിനു പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി കൂടുതൽ തുക ചെലവഴിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ട്. ഓഫർ സമർപ്പിക്കാനുള്ള അവസാന സമയത്തിന് അല്പം മുൻപായി മാത്രമാണ് ഇത് സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, നിലവിലെ ക്ലബ്ബ് ഉടമകളായ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്നത് 6 ബില്യൺ പൗണ്ടാണ്.

ക്ലബ്ബിനെ മൊത്തമായി സ്വന്തമാക്കാനാണ് ഷെയ്ഖ് ജാസ്സിം ആഗ്രഹിക്കുന്നത്. ഗ്ലേസർ കുടുംബത്തെയും മറ്റ് ഓഹരിയുടമകളെയും പാടെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ താത്പര്യം. ക്ലബ്ബ് വാങ്ങാനായി നേരത്തെ നൽകിയ ഓഫറിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ഓഫറാണ് ഇപ്പോൾ നൽകിയിരിക്കുന്നതെങ്കിലും തങ്ങൾ ഉദ്ദേശിക്കുന്ന 6 ബില്യൺ പൗണ്ടിന്റെ അടുത്തുപോലും എത്തിയിട്ടില്ല എന്നാണ് ഗ്ലേസർ കുടുംബം പറയുന്നത്.

എന്നാൽ, ഈ ഓഫർ ഗ്ലേസർ സ്വീകരിക്കുകയാണെങ്കിൽ സ്പോർട്സ് ഫ്രാഞ്ചൈസിങ് രംഗത്ത് ഇതൊരു റെക്കോർഡ് ആയിരിക്കും. ബ്രിട്ടീഷ് ശതകോടീശ്വരനായ സർ ജിം റാറ്റ്ക്ലിഫാണ് ക്ലബ്ബ് വാങ്ങുന്ന കാര്യത്തിൽ ജാസ്സിമിന്റെ പ്രധാന എതിരാളി. എന്നാൽ, ക്ലബ്ബിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ മാത്രമാണ് റാറ്റ്ക്ലിഫ് ഉദ്ദേശിക്കുനന്ത്. ഗ്ലേസർ കുടുംബത്തിലെ സഹോദരന്മാർക്ക് അവരുടെ 20 ശതമാനം സൂക്ഷിക്കാൻ അനുവദിക്കുകയും ചെയ്യും.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു നിലവിലെ ഉടമകളായ ഗ്ലേസെർ കുടുംബം ക്ലബ്ബ് വിൽപനക്ക് വയ്ക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഓഫറുകൾ എത്തിയെങ്കിലും ഒന്നും തന്നെ യാഥാർത്ഥ്യമായില്ല. അമേരിക്കൻ സാമ്പത്തിക മേഖലയിലെ ഭീമന്മാരായ കാർടൈൽ ആൻഡ് എലിയട്ട് ഉൾപ്പടെയുള്ളവർ വാഗ്ദാനവുമായി എത്തിയിരുന്നു. എന്നാൽ, അവരിൽ മിക്കവരും ഭാഗികമായി പങ്കാളിത്തം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് എത്തിയത്.