പാരീസ്: സൂപ്പർ താരം ലയണൽ മെസിയും പാരീസ് സെയ്ന്റ് ജർമ്മൻ ക്ലബുമായുള്ള ബന്ധം വഷളായേക്കും. താരം പാരിസ് ക്ലബ്ബ് വിടാനും സാധ്യതയുണ്ട്. ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾക്ക് സൂചനയായി മെസിക്കെതിരെ ക്ലബ്ബ് നടപടിയെടുത്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്.

രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്‌പെന്റ് ചെയ്തു. സസ്‌പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. അതീവ രഹസ്യമായാണ് മെസി സൗദിയിൽ എത്തിയത്. ഇതാണ് ക്ലബ്ബിനെ പ്രകോപിപ്പിച്ചത്. നിലവിൽ എംബാപ്പയും മെസിയും നെയ്മറും മികച്ച ഒത്തിണക്കത്തിൽ കളിക്കുകയാണ്. ഇതിനിടെയാണ് മെസിയെ മാറ്റി നിർത്തുന്നത്. ഇതോടെ കരാർ തീർന്നാൽ ഫ്രഞ്ച് ക്ലബ്ബ് മെസി വിടാനുള്ള സാധ്യത കൂടി.

നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്ജി. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്. സൂപ്പർതാരത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മെസിക്ക് സ്വാഗതം അറിയിച്ചുകൊണ്ട് സൗദി അറേബ്യൻ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് നിലവിൽ ലയണൽ മെസി. ക്ലബുമായുള്ള മെസ്സിയുടെ കരാർ പി.എസ്.ജി പുതുക്കിയേക്കില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

തിങ്കളാഴ്ച സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനെത്താത്തതാണ് പിഎസ്ജി മെസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സൗദി ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസിയും കുടുംബവും സൗദി സന്ദർശിച്ചത്. ഒരു വർഷം മുമ്പുള്ള സന്ദർശനത്തിൽ മെസി ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സൗദിയിലേയ്ക്ക് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെസി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. 'സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു'എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

2022 മേയിലാണ് സൗദി ടൂറിസം അഥോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. അംബാസഡർ എന്ന നിലയിൽ തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ മെസ്സി രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ മെസ്സി സന്ദർശിച്ചിരുന്നു.

സൗദിയിലേയ്ക്ക് എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. 'സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്?'എന്ന് അദ്ദേഹം കുറിച്ചു. മെസ്സിയുടേയും കുടുംബത്തിന്റേയും സൗദി സന്ദർശനത്തിന്റെ ചിത്രങ്ങൾ അർജന്റീന ഫുട്‌ബോൾ ടീമും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.