പാരിസ്: സൂപ്പർ താരം ലയണൽ മെസ്സി സീസൺ അവസാനത്തോടെ പി എസ് ജി വിടും. പിതാവും ഏജന്റുമായ ഹോർഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ അടുത്തമാസം അവസാനിക്കും. ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു.

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിൽ ലയണൽ മെസ്സിയെ ഇന്ന് പി എസ് ജി സസ്‌പെൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. സസ്‌പെൻഷൻ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവിൽ പ്രതിഫലവും ക്ലബ്ബ് നൽകില്ല. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണിൽ ഇനി കളിക്കാനാകുക മൂന്നു മൽസരങ്ങൾ മാത്രമാകും. സൗദി അറേബ്യയിൽ ടൂറിസം പ്രചാരണത്തിനായാണ് മെസ്സി എത്തിയത്.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് സന്ദർശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. ക്ലബ് അധികൃതർ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ താരം കുടുംബത്തോടൊപ്പം സൗദി സന്ദർശിച്ചു.

സൗദിയിൽ നിന്നുള്ള മെസിയുടെ ചിത്രങ്ങൾ സൗദി അറേബ്യൻ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 2021ൽ ബാഴ്‌സലോണയിൽ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.