റിയാദ്: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാറിൽ എത്തിയെന്ന വാർത്തകൾ തള്ളി ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ. വർഷത്തിൽ 3270 കോടി രൂപയുടെ കരാറിൽ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നുമാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തത്. എന്നാൽ മെസിയോ അൽ ഹിലാലോ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മെസിയുടെ അച്ഛനും ഏജന്റുമായ ജോർഗെ മെസിയും ഇപ്പോഴത്തെ ക്ലബ് പിഎസ്ജിയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

ഇതിനിടെയാണ് ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വാർത്തകൾ നിഷേധിച്ചത്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളൊന്നും ഉറപ്പിക്കാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മെസിയെ കുറിച്ച് പുറത്തുവിട്ട അവസാന ട്വീറ്റിൽ പറയുന്നതിങ്ങനെ.. ''മെസിയുടെ നിലവിലെ സാഹചര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവിൽ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അൽഹിലാൽ മുന്നോട്ടുവച്ച ഓഫർ ഏപ്രിൽ മുതൽ ചർച്ചയിലുള്ളതാണ്. ബാഴ്സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.'' റൊമാനോ ട്വീറ്റ് ചെയ്തു.

പെട്ടന്നാണ് മെസിയുടെ കൂടുമാറ്റം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ അർജന്റീനയുടെ ഇതിഹാസ താരം മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദർശനത്തിനിടെ മെസി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ട്. അനുമതിയില്ലാത്ത ഈ സന്ദർശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പിഎസ്ജി വിലക്ക് പിൻവലിക്കുകയും ചെയ്തു. പിന്നാലെ താരം ക്ലബിനൊപ്പം പരിശീലനം നടത്തി. അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ജോർഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.

ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്. അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്.

സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്ർ ക്ലബ്ബിന്റെ ചിരവൈരികളാണ് അൽ ഹിലാൽ. പ്രോ ലീഗ് പോയിന്റ് പട്ടികയിൽ അൽ ഹിലാൽ നാലാം സ്ഥാനത്തും അൽ നസർ രണ്ടാമതുമാണ്. മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സിയുമായി കരാറിനെക്കുറിച്ച് ക്ലബ് അധികൃതർ ചർച്ചകൾ നടത്തിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്‌കാരം സൂപ്പർതാരം മെസിക്ക് ലഭിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകർ. ലോകകപ്പ് സ്വന്തമാക്കിയ അർജന്റീന ടീം മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം നേടുന്നത്. പിഎസ്ജിയിലെ സഹതാരം കിലിയൻ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ,ഫോർമുല വൺ ചാംപ്യൻ മാക്സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവോൾട്ട് വിസ്മയം മോൺടോ ഡുപ്ലാന്റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസി നേട്ടത്തിലെത്തിയത്.