പാരിസ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നും ഈ സീസണോടെ വിടാനൊരുങ്ങുന്ന സെർജിയോ ബുസ്‌ക്വെറ്റ്സിന് ആശംസകൾ നേർന്ന് ബാഴ്സയിൽ സഹതാരമായിരുന്ന പി എസ് ജി താരം ലയണൽ മെസ്സി. കളിക്കാരനെന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും മികച്ചയാളാണ് ബുസ്‌ക്വെറ്റ്സ് എന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മെസ്സി വ്യക്തമാക്കി.

കളത്തിനകത്തും പുറത്തുമായി ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങൾക്ക് ബുസ്‌ക്വെറ്റ്സിന് നന്ദി പറഞ്ഞ മെസ്സി, അതെല്ലാം ഓർമയിൽ എന്നെന്നും നിലനിൽക്കുമെന്നും കൂട്ടിച്ചേർത്തു. ബാഴ്സയിൽ ഒന്നിച്ച് കളിക്കുന്ന കാലത്ത് മെസ്സിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നയാളാണ് ബുസ്‌ക്വെറ്റ്സ്. ബാഴ്സയ്ക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ്, എട്ട് ലാ ലിഗ, ഏഴ് കോപ്പ ഡെൽ റേ കിരീട നേട്ടങ്ങളിൽ ഇരുവരും ഒന്നിച്ച് ഭാഗമായിട്ടുണ്ട്.

ബാഴ്സയുമായി 18 വർഷക്കാലത്തോളം നീണ്ടുനിന്ന ബന്ധമാണ് ബുസ്‌ക്വെറ്റ്സ് അവസാനിപ്പിക്കുന്നത്. 34-കാരനായ ബുസ്‌കെറ്റ്‌സ് ഇതുവരെ ക്ലബ്ബിനായി 718 മത്സരങ്ങളാണ് കളിച്ചത്. എട്ട് ലാലിഗ കിരീടങ്ങളും ഏഴ് വീതം കോപ്പ ഡെൽ റേയും സ്പാനിഷ് സൂപ്പർ കപ്പും നേടി. മൂന്നുതവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. മൂന്നുവീതം യുവേഫ സൂപ്പർ കപ്പും ക്ലബ്ബ് ലോകകപ്പും നേടി.

2005-ലാണ് ബുസ്‌കെറ്റ്‌സ് ബാഴ്‌സ യൂത്ത് ടീമിലെത്തുന്നത്. 2008-ൽ അന്നത്തെ പരിശീലകൻ പെപ്പ് ഗാർഡിയോളയാണ് സീനിയർ ടീമിലെത്തിച്ചത്. റേസിങ് സാന്റൻഡറിനെതിരേ അരങ്ങേറി. 15 വർഷം നീണ്ട സീനിയർ കരിയറിൽ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ 18 ഗോളും 40 അസിസ്റ്റും നേടി. നടപ്പുസീസണിൽ ബാഴ്‌സ ലാലിഗയിൽ കിരീടം ഉറപ്പാക്കിയിട്ടുണ്ട്. കപ്പുയർത്തിയാകും നായകസ്ഥാനത്തുനിന്നും ക്ലബ്ബിൽനിന്നും ബുസ്‌കെറ്റ്‌സ് പടിയിറങ്ങുന്നത്.