മാഡ്രിഡ്: കിരീട വരൾച്ചയ്ക്ക് വിരാമമിട്ട് വീണ്ടും സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ. നാല് റൗണ്ട് മത്സരങ്ങൾ ശേഷിക്കേയാണ് ബാഴ്‌സയുടെ കിരീടധാരണം. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ എസ്പാന്യോളിനെ രണ്ടിനെതിരേ നാല് ഗോളുകൾക്ക് തകർത്താണ് കറ്റാലന്മാർ കിരീടം ഉറപ്പിച്ചത്.

പരിശീലകനെന്ന നിലയിൽ സാവി ഹെർണാണ്ടസിന്റെ ആദ്യ ലീഗ് കിരീടമാണിത്. മുപ്പത്തിനാല് മത്സരങ്ങളിൽ നിന്നും 27 വിജയവും നാല് സമനിലയും മൂന്ന് തോൽവിയും ഉൾപ്പടെ 85 പോയിന്റ് നേടിയതോടെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയന്റിന്റെ ലീഡ് നേടിയാണ് ബാഴ്സ തങ്ങളുടെ 27-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. 2018-19 സീസണിലായിരുന്നു അവസാന കിരീടം. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള ആദ്യ കിരീടമാണിത്.



റോബർട്ട് ലെവൻഡോവ്സ്‌കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൺഡെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്സയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്. ജാവി പുവാഡോ, ജോസെലു എന്നിവർ എസ്പാന്യോളിനായി ഗോൾ മടക്കി. എസ്പാന്യോളിന് എതിരെ വിജയിച്ചാൽ കിരീടം നേടാമെന്ന പ്രതീക്ഷയോടെയാണ് ബാഴ്‌സ എതിരാളികളുടെ തട്ടകത്തിൽ ഇറങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ പോളിഷ് ഗോളടിയന്ത്രം റോബർട്ട് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇരുപതാം മിനിറ്റിൽ അലഹാൻഡ്രോ ബാൽഡേയും ഗോൾ നേടിയതോടെ ബാഴ്‌സ ഡ്രൈവിങ് സീറ്റിലെത്തി. നാൽപതാം മിനിറ്റിൽ ലെവ വീണ്ടും വലകുലുക്കിയതോടെ ബാഴ്‌സ ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡ് എടുത്തു.

രണ്ടാം പകുതിയിൽ എട്ടാം മിനിറ്റിൽ ജൂൾ കുണ്ടേയും ഗോൾ നേടിയതോടെ ബാഴ്‌സ ക്യാമ്പ് ആർത്തലച്ചു. മെയ് 21ന് ബാഴ്‌സയുടെ തട്ടകത്തിലാണ് അടുത്ത മത്സരം റയൽ സോസിഡാഡിനെയാണ് ഇനി കറ്റാലന്മാർക്ക് നേരിടേണ്ടത്.