- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാ ലിഗ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; വലൻസിയ ആരാധകരായ മൂന്ന് യുവാക്കൾ അറസ്റ്റിൽ; പ്രതിഷേധമറിയിച്ച് ബ്രസീൽ സർക്കാർ; ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ച് വിനീഷ്യസിന് ഐക്യദാർഢ്യം
മാഡ്രിഡ്: ലാ ലിഗ മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ വലൻസിയ ആരാധകരായ മൂന്ന് യുവാക്കളെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. 18-നും 21 വയസിനും ഇടയിൽ പ്രായമുള്ളവരാണ് മൂന്ന് പേരും. ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്. അതേസമയം ഇക്കഴിഞ്ഞ ജനുവരിയിൽ റയൽ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തിൽ വിനീഷ്യസിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തിൽ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്പാനിഷ് ലാ ലീഗയിൽ വലൻസിക്കെതിരായ മത്സരത്തിൽ വലൻസിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിനെതിരെ കാണികളിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്. ഇതാദ്യമായല്ല സ്പെയിനിലെ എതിർ കാണികൾ വിനീഷ്യസിനെതിരെ റേസിസ്റ്റ് മുദ്രാവാക്യങ്ങളും ആംഗ്യങ്ങളും പ്രകടിപ്പിക്കുന്നത്. വലൻസിയയിലെ സംഭവത്തെ ശക്തമായി അപലപിച്ച് റയൽ മാഡ്രിഡ് ക്ലബും മുൻ ഫുട്‌ബോളർമാരും ബ്രസീലിയൻ ജനതയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ തന്റെ വേദന ലോക ഫുട്‌ബോൾ ആരാധകർക്കായി പങ്കുവെച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിനി കുറിക്കുകൊള്ളുന്ന കുറിപ്പ് പങ്കുവെച്ചതോടെയാണ് താരത്തിന് ഐക്യദാർഢ്യവുമായി ലോകജനത അണിനിരന്നത്.
മൈതാനത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിനീഷ്യസിന്റെ കാലിൽ പന്ത് കിട്ടുമ്പോഴെല്ലാം സ്റ്റേഡിയത്തിൽ കുരങ്ങ് വിളികൾ ഉയർന്നു. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റിൽ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയിൽ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികൾ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു.
ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകർ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തിൽ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. എന്നാൽ ഇൻജുറി ടൈമിൽ വലൻസിയ താരം ഹ്യൂഗോ ഡ്യുറോയുമായി കയ്യാങ്കളിയിലേർപ്പെട്ട വിനീഷ്യസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.
മത്സര ശേഷം സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി വിനീഷ്യസ് രംഗത്തെത്തി. ഇത് ആദ്യത്തെ സംഭാവമല്ലെന്നും ലാ ലിഗയിൽ വംശീയാധിക്ഷേപം സാധാരണമാണെന്നും വിനീഷ്യസ് കുറിച്ചു. ഒരുകാലത്ത് റൊണാൾഡീഞ്ഞ്യോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടേതായിരുന്ന ഈ ചാമ്പ്യൻഷിപ്പ് ഇപ്പോൾ വംശവെറിയന്മാരുടേതാണെന്നും വിനീഷ്യസ് തുറന്നടിച്ചു.
സംഭവത്തിൽ പ്രതിഷേധമറിയിച്ച് ബ്രസീൽ സർക്കാരും രംഗത്തെത്തിയിരുന്നു. സ്പാനിഷ് അംബാസഡർക്ക് മുന്നിൽ പ്രതിഷേധമറിയിച്ച ബ്രസീൽ സർക്കാർ ലാ ലിഗ അധികൃതർക്ക് മുന്നിൽ ഔദ്യോഗികമായി പരാതി നൽകും. സംഭവത്തിൽ ലാ ലിഗയും സ്പാനിഷ് സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സിൽവ പ്രതിഷേധമറിയിച്ചു. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ റയൽ പരിശീലകൻ കാർലോ ആൻസെലോട്ടിയും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.
Preto e imponente. O Cristo Redentor ficou assim há pouco. Uma ação de solidariedade que me emociona. Mas quero, sobretudo, inspirar e trazer mais luz à nossa luta.
- Vini Jr. (@vinijr) May 22, 2023
Agradeço demais toda a corrente de carinho e apoio que recebi nos últimos meses. Tanto no Brasil quanto mundo… pic.twitter.com/zVBcD4eF8k
വംശീയാധിക്ഷേപത്തിന് ഇരയായ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രസീൽ ജനത രംഗത്തെത്തി. റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം തിങ്കളാഴ്ച രാത്രി ഒരു മണിക്കൂർ നേരം അണച്ചാണ് ബ്രസീലിയൻ സർക്കാരും ജനതയും അവരുടെ താരത്തോട് പിന്തുണ പ്രകടിപ്പിച്ചത്. റിയോയുടെയും ബ്രസീലിന്റേയും ഐക്കണായി അറിയപ്പെടുന്ന ശിൽപമാണ് ക്രൈസ്റ്റ് ദി റെഡീമർ. വംശീയതയെ എതിർത്തുകൊണ്ടുള്ള ബ്രസീലിയൻ ജനതയുടെയും ലോകത്തിന്റേയും ഈ ഐക്യദാർഢ്യത്തിന് നന്ദി പറഞ്ഞു വിനീഷ്യസ്. പ്രകാശം അണഞ്ഞ ക്രൈസ്റ്റ് ദി റെഡീമർ ശിൽപത്തിന്റെ ചിത്രം സഹിതമാണ് വിനിയുടെ ട്വീറ്റ്.
മറുനാടന്‍ മലയാളി ബ്യൂറോ