- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സീസണിൽ വിനീഷ്യസിനെതിരേ നടന്നത് പത്ത് വംശീയാധിക്ഷേപങ്ങൾ; ലാ ലിഗയെ വിമർശിച്ച വിനീഷ്യസിനെതിരെ പോസ്റ്റ്; ഒടുവിൽ മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ടെബാസ്; ബ്രസീൽ താരത്തെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി
മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വംശീയാധിക്ഷേപ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ലാ ലിഗയെ വിമർശിച്ച റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ പ്രതികരിച്ച പോസ്റ്റിന്റെ പേരിൽ താരത്തോട് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്. ട്വിറ്ററിലെ തന്റെ അഭിപ്രായ പ്രകടനം ശരിയായില്ലെന്ന് സമ്മതിച്ച ടെബാസ് അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സീസണിൽ വിനീഷ്യസിനെതിരേ നടന്ന 10 വംശീയാധിക്ഷേപ സംഭവങ്ങൾ ലാ ലിഗ പ്രോസിക്യൂട്ടർമാർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ടെബാസ് വെളിപ്പെടുത്തി.
വിനീഷ്യസിനെ ആക്രമിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് പറഞ്ഞ ടെബാസ് ആ നിമിഷത്തിൽ പെട്ടെന്നുണ്ടായ തോന്നലാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും വ്യക്തമാക്കി. ''വിനീഷ്യസിനോടും ഞാൻ വിനീഷ്യസിനെ ആക്രമിക്കുകയാണെന്ന് തോന്നിയ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.'' - ടെബാസ് റോയിറ്റേഴ്സിനോട് പറഞ്ഞു.
അതേ സമയം തുടർച്ചയായി വംശീയാധിക്ഷേപത്തിന് വിധേയൻ ആകുന്നുണ്ടെങ്കിലും വിനിഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ തുടരുമെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. വിനിഷ്യസ് റയലിനെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെന്നും താരം എവിടേക്കും പോകില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.
വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച വിനിഷ്യസ് ലാ ലീഗ വിട്ടുപോകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഞ്ചലോട്ടി വിശദീകരണവുമായി രംഗത്ത് എത്തിയത്. തനിക്കെതിരായ മോശം പെരുമാറ്റം തുടർച്ചയായി സംഭവിച്ചിട്ടും ലാ ലീഗ അധികൃതർ ഗൗരവത്തോടെ ഇടപെടുന്നില്ലെന്നാണ് വിനിഷ്യസിന്റെ പരാതി.
മെയ് 21-ന് വലൻസിയയും റയൽ മാഡ്രിഡും തമ്മിൽ വലൻസിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളിൽ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റിൽ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു.
ഗാലറിയിൽ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികൾ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകർ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തിൽ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
തനിക്ക് നേരിട്ട വംശീയാധിക്ഷേപത്തിൽ സോഷ്യൽ മീഡിയയിൽ ലാ ലിഗയെ വിമർശിച്ച് വിനീഷ്യസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിനീഷ്യസിനെതിരേ ജാവിയർ ടെബാസ് പോസ്റ്റിട്ടു. ലാ ലിഗയിലെ വംശീയാധിക്ഷേപ സംഭവങ്ങളെ കുറിച്ച് പറയാനും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ലാ ലിഗയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് വിശദീകരിക്കാനും രണ്ട് തവണ യോഗം വിളിച്ചിരുന്നെങ്കിലും രണ്ടിലും വിനീഷ്യസ് വന്നില്ലെന്നും ലാ ലിഗയെ വിമർശിക്കുന്നതിനും അപമാനിക്കുന്നതിനും മുമ്പ് നിങ്ങൾ കാര്യങ്ങൾ മനസിലാക്കണമെന്നുമായിരുന്നു ടെബാസിന്റെ വാക്കുകൾ. കാര്യങ്ങൾ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണെന്നും ടെബാസ് ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ ടെബാസിനെതിരേ രൂക്ഷ വിമർശനവുമായി വിനീഷ്യസും രംഗത്തെത്തി. ഇക്കാര്യത്തിൽ വംശവെറിയന്മാരെ വിമർശിക്കുന്നതിന് പകരം തന്നെ ആക്രമിക്കാനാണ് ലാ ലിഗ പ്രസിഡന്റ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുള്ളതെന്ന് വിനീഷ്യസ് തുറന്നടിച്ചു. കാര്യങ്ങളിൽ നിന്നു മാറി നിന്നാൽ നിങ്ങൾ വംശവെറിക്കാരുടെ അതേ നിലവാരത്തിലാകുകയാണെന്നും താരം പറഞ്ഞു.
സ്പോർട്സ് ഡെസ്ക്