- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റ സീസണിൽ 36 ഗോളുകൾ; മാഞ്ചെസ്റ്റർ സിറ്റിയെ കിരീടനേട്ടത്തിലെത്തിച്ച ഗോളടിയന്ത്രം; പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി എർലിങ് ഹാളണ്ട്; മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും 22കാരന്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ മികച്ച താരത്തിനുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചെസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രം എർലിങ് ഹാളണ്ട്. പ്രീമിയർ ലീഗിൽ അരങ്ങേറ്റ സീസണിൽ തന്നെ സിറ്റിക്കായി 35 മത്സരങ്ങളിൽനിന്ന് 36 ഗോളുകൾ നേടി നോർവീജിയൻ താരം റെക്കോഡ് കുറിച്ചിരുന്നു.
ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടമാണ് 22കാരൻ സ്വന്തമാക്കിയത്. ആൻഡി കോളും അലൻ ഷിയററും പങ്കിട്ട മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള 34 ഗോളുകളുടെ റെക്കോഡാണ് തകർത്തത്. സീസണിൽ എട്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. സിറ്റിയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടത്തിൽ ഹാളണ്ടിന്റെ പ്രകടനം നിർണായകമായി.
ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും 22-കാരൻ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഈ രണ്ട് പുരസ്‌കാരങ്ങളും ഒന്നിച്ച് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഹാളണ്ടിനാണ്.
സീസണിൽ സിറ്റിക്കായി താരം വലകുലുക്കാത്തത് വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രം. പൊതുജനങ്ങളും 20 പ്രീമിയർ ലീഗ് ക്ലബുകളുടെ നായകന്മാരും ഫുട്ബോൾ വിദഗ്ധരുടെ പാനലും ചേർന്നാണ് താരത്തെ പ്ലെയർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത്. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ ഫുട്ബാളർ ഓഫ് ദ ഇയർ അവാർഡിനും ഹാളണ്ട് അർഹനായിരുന്നു. 80 ശതമാനം വോട്ടുകളാണ് താരം നേടിയത്.
എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ഈ സീസണിൽ സിറ്റിക്കായി 52 തവണ ഹാളണ്ട് വലകുലുക്കിയിട്ടുണ്ട്. ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി, ചാമ്പ്യൻസ് ലീഗിലും എഫ് എ കപ്പിലും കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്.
അവസാന നാല് സീസണിലും സിറ്റി താരങ്ങൾക്ക് തന്നെയായിരുന്നു പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം. 2019-20, 2021-22 വർഷങ്ങളിൽ കെവിൻ ഡി ബ്രൂയ്നും 2020-21ൽ റൂബൻ ഡയസുമാണ് ഈ പുരസ്‌കാരം നേടിയത്. 2011-12ൽ വിൻസെന്റ് കൊമ്പനിയും സിറ്റിക്കു വേണ്ടി പുരസ്‌കാരം നേടിയിരുന്നു.
സ്പോർട്സ് ഡെസ്ക്