- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന മത്സരത്തിൽ പടിക്കൽ കലമുടച്ച് ബൊറൂസിയ ഡോർട്മുൺഡ്; മെയ്ൻസിനെതിരായ മത്സരത്തിൽ സമനില കുരുക്ക്; ഗോൾ വ്യത്യാസത്തിൽ ബുണ്ടസ് ലിഗ കിരീടം ചൂടി ബയേൺ മ്യൂണിക്ക്; തുടർച്ചയായ പതിനൊന്നാം കിരീടം
മ്യൂണിക്: ജർമൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ പതിനൊന്നാം സീസണിലും ബയേൺ മ്യൂണിക്ക് ചാമ്പ്യന്മാർ. കിരീട പോരാട്ടം അവസാന ദിനത്തിലെ അവസാന സെക്കൻഡ് വരെ നീട്ടാനായെങ്കിലും ശനിയാഴ്ച നടന്ന നിർണായക മത്സരത്തിൽ മെയ്ൻസിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ബൊറൂസ്സിയ ഡോർട്മുൺഡിന്റെ കിരീട സ്വപ്നം പൊലിഞ്ഞു.
ജയിച്ചിരുന്നെങ്കിൽ 10 വർഷത്തിനു ശേഷം ആദ്യ ബുണ്ടസ് ലിഗ കിരീടം നേടാമായിരുന്ന ഡോർട്മുൺഡിനെ മറികടന്ന് അവസാന മത്സരത്തിലെ ജയത്തോടെ ബയേൺ മ്യൂണിക്ക് ബുണ്ടസ് ലിഗ കിരീടമുയർത്തി. ലീഗിൽ 34 റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരു ടീമിനും 71 പോയന്റായിരുന്നു എന്നാൽ ഗോൾ വ്യത്യാസത്തിൽ മുന്നിലെത്തിയതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. ബയേണിന്റെ 33-ാം ബുണ്ടസ് ലിഗ കിരീടമാണിത്.
എഫ്.സി. കോളെനെതിരായ മത്സരം 2 - 1ന് ജയിച്ചാണ് ബയേൺ കിരീടമുയർത്തിയത്. അവസാന റൗണ്ടിന് മുമ്പ് 33 കളിയിൽനിന്ന് 70 പോയന്റാണ് ഡോർട്മുൺഡിനുണ്ടായിരുന്നത്. ഇത്രയും കളിയിൽ നിന്ന് ബയേണിന് 68 പോയന്റും.
എന്നാൽ സ്വന്തം മെയ്ൻസിനെതിരായ അവസാന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡോർട്ട്മുൺഡിന് പിഴച്ചു. 15-ാം മിനിറ്റിൽ തന്നെ ആന്ദ്രേസ് ഹാൻകെ ഓൾസനിലൂടെ മെയ്ൻസ് മുന്നിലെത്തി. എന്നാൽ 19-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഡോർട്ട്മുൺഡിന് മത്സരത്തിലേക്ക് തിരികെവരാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷേ കിക്കെടുത്ത സെബാസ്റ്റ്യൻ ഹാളറിന് പിഴച്ചു. പിന്നാലെ 24-ാം മിനിറ്റിൽ കരിം ഒനിസിവോയും വലകുലുക്കിയതോടെ ഡോർട്ട്മുൺഡ് രണ്ട് ഗോളിന് പിന്നിൽ.
ആദ്യ പകുതിയിൽ പിന്നീടൊരു തിരിച്ചുവരവ് ഡോർട്ട്മുൺഡിന് സാധ്യമായില്ല. രണ്ടാം പകുതിയിൽ പക്ഷേ ടീം ഉണർന്നു കളിച്ചു. 69-ാം മിനിറ്റിൽ റാഫേൽ ഗുരെയ്റോയിലൂടെ അവർ ആദ്യ ഗോൾ മടക്കി. എന്നാൽ കിരീടത്തിലേക്ക് അത് മതിയാവുമായിരുന്നില്ല. പിന്നീട് ഇൻജുറി ടൈമിൽ ഡോർട്ട്മുൺഡ് വലകുലുക്കിയെങ്കിലും അത് ഓഫ് സൈഡായി.
ഒടുവിൽ ഇൻജുറി ടൈമിന്റെ ആറാം മിനിറ്റിൽ നിക്ലാസ് സുലെ പന്ത് വലയിലെത്തിച്ച് മത്സരം സമനിലയിലാക്കിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. 2011-12 സീസണിലാണ് ഡോർട്ട്മുൺഡ് ഒടുവിൽ ബുണ്ടസ് ലിഗ ജേതാക്കളായത്.
മറുവശത്ത് എഫ്.സി. കോളെനെതിരായ നിർണായക മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ കിങ്സ്ലി കോമാനിലൂടെ ബയേൺ മുന്നിലെത്തി. പിന്നീട് ഇരു ഭാഗത്തുനിന്നും കാര്യമായ മുന്നേറ്റങ്ങളില്ലാതെ നീങ്ങിയ മത്സരത്തിന്റെ 81-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദെയൻ യുബിച്ചിച്ച് കോളെന് സമനില സമ്മാനിച്ചു. എന്നാൽ കിരീടം നേടാൻ ജയം ലക്ഷ്യമാക്കി ഇറങ്ങിയ ബയേൺ ആക്രമണങ്ങൾ കടുപ്പിച്ചു. ഒടുവിൽ 89-ാം മിനിറ്റിൽ ജമാൽ മുസിയാല ബയേണിന്റെ കിരീടമുറപ്പിച്ച ഗോൾ നേടി.
ശനിയാഴ്ച ജയിച്ചാൽ കിരീടമുറപ്പായിരുന്ന ഡോർട്ട്മുൺഡിന് ബയേൺ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താലും മതിയായിരുന്നു ജേതാക്കളാവാൻ. 2011, 2012 വർഷങ്ങളിൽ ബൊറൂസിയ ജേതാക്കളായ ശേഷം ബയേൺ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. 2013 മുതൽ 2022 വരെ സീസണുകളിൽ അവർ കപ്പിൽ മുത്തമിട്ടു.
സ്പോർട്സ് ഡെസ്ക്